Top
18
Monday, December 2017
About UsE-Paper

കുളങ്ങളും ചിറകളും സംരക്ഷിക്കും: മന്ത്രി കടകംപള്ളി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


കൊയിലാണ്ടി > ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കാവുകളുടെ കുളങ്ങളും ചിറകളും സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലം പിഷാരികാവിന്റെ ഭാഗമായ കൊല്ലംചിറ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. മഴയായി ഭൂമിയില്‍ വീഴുന്ന ഒരോതുള്ളിയും കടലിലെത്താതെ കരയില്‍ത്തന്നെ ഉപയോഗപ്പെടുത്താന്‍ കഴിയണം. നദികള്‍ സംരക്ഷിക്കപ്പെടണം. പരമ്പരാഗത രീതിയില്‍ മഴക്കുഴികള്‍ നിര്‍മിക്കുകയും മൂടിപ്പോയ കിണറുകള്‍ പുനര്‍നിര്‍മിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
  ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ കൊല്ലംചിറ ആദ്യകാലത്ത്  പതിനാല് ഏക്കറില്‍ വ്യാപിച്ചുകിടന്നതായിരുന്നു. നാലായിരത്തിലധികം വര്‍ഷം പഴക്കമുള്ള ചിറ പിഷാരികാവ് ദേവസ്വത്തിന്റേതാണ്. കൃഷിവകുപ്പിന്റെ കീഴില്‍ സഹസ്ര സരോവരം പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് 3.25 കോടി രൂപ ചെലവില്‍ കൊല്ലം ചിറയുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി സര്‍ക്കാര്‍ വകയിരുത്തിയത്. ചെളി മാറ്റി വെള്ളം ശുദ്ധീകരിക്കുകയും താഴെത്തട്ടില്‍നിന്ന് മുകളില്‍ വരെ പടവുകള്‍ കെട്ടുകയും കുളിക്കാനുള്ള കടവുകള്‍ നിര്‍മിക്കുകയും ചെയ്യും. ചിറയ്ക്കു ചുറ്റും പ്രത്യേക പാത നിര്‍മിക്കും. ലൈറ്റുകള്‍ വയ്ക്കുയും പൂന്തോട്ടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും.  ഡിസംബര്‍ അവസാനം മന്ത്രിമാരായ വി എസ് സുനില്‍കുമാറും  കടകംപള്ളി സുരേന്ദ്രനുമുള്ള ചടങ്ങില്‍ പ്രവൃത്തി ഉദ്ഘാടനംനിര്‍വഹിക്കും.
  കെ ദാസന്‍ എംഎല്‍എയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ നാരായണന്‍കുട്ടി നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ യു വി കുമാരന്‍, ട്രസ്റ്റ് ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രവും ശബരിമല ഇടത്താവളവും മന്ത്രി സന്ദര്‍ശിച്ചു.