Top
18
Monday, December 2017
About UsE-Paper

# ഓഖി രക്ഷാദൌത്യത്തിന് തുരങ്കംവയ്ക്കാന്‍ ശ്രമിച്ചു: മന്ത്രി കടകംപള്ളി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് > ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തീരദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി രക്ഷാദൌത്യത്തിന് തുരങ്കം വയ്ക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ബീച്ച് നവീകരണത്തിന്റെ ഭാഗമായ കള്‍ച്ചറല്‍ സോണ്‍ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയ ദുരന്തമുണ്ടായ സമയത്തുള്ള ചിലരുടെ പ്രവൃത്തികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും മനഃസാക്ഷിയെ വേദനിപ്പിക്കുന്നതുമാണ്. അത്തരം പശ്ചാത്തലത്തില്‍ ഒറ്റക്കെട്ടായിനിന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് വേണ്ടത്. വീഴ്ചകളുണ്ടായെന്ന് തെറ്റായ പ്രചാരണം നടത്തി ക്രമസമാധാന പ്രശ്നമുണ്ടാക്കുകയല്ല ഉത്തരവാദിത്തമുള്ളവര്‍ ചെയ്യേണ്ടത്.
  സുനാമി ഉണ്ടായ സമയത്ത് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ അന്നത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. അത് പറഞ്ഞ് വിവാദമുണ്ടാക്കി രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കനല്ല അന്ന് രാഷ്ട്രീയ പാര്‍ടികള്‍ ശ്രമിച്ചത്. മുന്നില്‍നിന്ന് നേതൃത്വം നല്‍കുകയാണുണ്ടായത്. ഓഖിയുമായി ബന്ധപ്പെട്ട് റോഡ് ഉപരോധമടക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.