17 November Saturday
പരിശീലനത്തിന‌് തുടക്കം

തകര്‍ന്ന കെട്ടിടങ്ങളുടെ വിവരശേഖരണം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കോഴിക്കോട‌്
 പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും  ഡിജിറ്റൽ സർവേ നടത്തുന്നതിനുള്ള പരിശീലനം ടാഗോർ ഹാളിൽ തുടങ്ങി. അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിലുൾപ്പെടുത്തുന്നതിനൊപ്പം വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും  സാധ്യതകളുള്ള പ്രദേശങ്ങളും ബാധിക്കാവുന്ന വീടുകളും ഡിജിറ്റലായി സർക്കാരിന് സൂക്ഷിക്കാൻ കഴിയും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അനിവാര്യമാണെന്ന‌് പരിപാടി ഉദ്ഘാടനം ചെയ്ത  കലക്ടർ യു വി ജോസ് പറഞ്ഞു.  രണ്ട് ദിവസത്തിൽ കൂടുതൽ വെള്ളം കയറി  നാശനഷ്ടം നേരിട്ട വീടുകളെ പട്ടികയിലുൾപ്പെടുത്തും.
സംസ്ഥാന സർക്കാർ നാശനഷ്ടം രേഖപ്പടുത്താൻ മൊബൈൽ ആപ് ഒരുക്കിയിട്ടുണ്ട‌്. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ കണക്കുകൾ സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് വഴിയാണ് ശേഖരിക്കുക. ഇതിനായി ജില്ലയിൽ രജിസ്റ്റർ ചെയ്‌ത വളണ്ടിയർമാർക്ക് ഇൻഫർമേഷൻ കേരള മിഷന്റെ കീഴിലാണ് പരിശീലനം. ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിനുശേഷം എൻജിനിയർമാരുടെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗ്രൂപ്പായി തിരിഞ്ഞ് അടുത്ത രണ്ട് ദിവസങ്ങളിൽ കോർപറേഷൻ പരിധിയിലെ വീടുകളുടെ വിവര ശേഖരണം നടത്തും. 
ടാഗോർ  ഹാളിൽ നടന്ന പരിശീലനത്തിൽ  തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർ, എൽഎസ്ജിഡി എൻജിനിയർമാർ, റവന്യൂ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ ഉൾപ്പെടെ 900 പേർ പങ്കെടുക്കുന്നു.
പ്രധാന വാർത്തകൾ
Top