23 September Sunday
മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്യും

മഹിളാ മാൾ ഒരുങ്ങുന്നു

സ്വന്തം ലേഖികUpdated: Saturday Sep 8, 2018

ഉദ്‌ഘാടനത്തിനൊരുങ്ങുന്ന മഹിളാമാൾ

കോഴിക്കോട‌് 
ഇനി ദിവസങ്ങൾ മാത്രം മതി, നഗരത്തിന്റെ വ്യാപാരക്കണ്ണുകൾ സ‌്ത്രീ സൗഹൃദ  മഹിളാ മാളിലേക്ക‌് നീളാൻ. ‘പെൺകരുത്തിന്റെ കൈയൊപ്പ‌് ’ എന്ന മുദ്രാവാക്യമുയർത്തി കോർപറേഷൻ കുടുംബശ്രീ ഒരുക്കുന്ന മഹിളാ മാളിന്റെ ഉദ‌്ഘാടനം ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്കായി മൈക്രോ ബസാറും ഒരുങ്ങുന്നു. ഇതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ‌് കോർപറേഷൻ സിഡിഎസ‌്. തിങ്കളാഴ‌്ച പകൽ 10.30ന‌് ഓഫീസ‌് ഉദ‌്ഘാടനം നടക്കും. 
കോഴിക്കോട‌് ‐വയനാട‌് റോഡിൽ ഫാത്തിമ ആശുപത്രിക്ക‌് സമീപം 56 സെന്റ‌് സ്ഥലത്താണ‌്   മാൾ ഒരുങ്ങുന്നത‌്.  ഇതിലെ 80 ഷോപ്പുകളിൽ 70 എണ്ണത്തിന്റെയും ബുക്കിങ‌് പൂർത്തിയായി. 
ഒന്ന‌്, രണ്ട‌്, മൂന്ന‌് നിലകളിൽ വിവിധ വ്യവസായ യൂണിറ്റുകളാണ‌്‌. നാലാം നിലയിൽ വിവിധ സർക്കാർ ഓഫീസ‌് സംവിധാനം പ്രവർത്തിക്കും. വനിതാ വികസന കോർപറേഷന്റെ ഹെൽപ‌് ഡെസ‌്ക‌്, വനിതാ കോ‐ഓപറേഷൻ ബാങ്ക‌്, കുടുംബ കൗൺസലിങ‌് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെയുണ്ടാകും. ഒപ്പം മഹിളാമാളിന്റെ ഓഫീസും പ്രവർത്തിക്കും. 
അഞ്ചാം നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന പ്ലേ സോണാണ‌്. 3200 ചതുരശ്രയടിയിലാണ‌ിത‌്. ഇതിന്റെ ബുക്കിങ്ങും പൂർത്തിയായി. ഏറ്റവും മുകളിലാണ‌് ഫുഡ‌് കോർട്ടുള്ളത‌്. കുടുംബശ്രീ മൈക്രോ ബസാറിൽ 75 ചതുരശ്രയടിയിൽ 26 സ‌്റ്റാളുകളുണ്ട‌്. ചെറുകിട ഉൽപ്പന്നങ്ങൾക്ക്  വിപണിയൊരുക്കുകയാണ് ബസാറിന്റെ ലക്ഷ്യം. കുടുംബശ്രീ പ്രവർത്തകർ വിശേഷകാലങ്ങളിൽ നഗരത്തിൽ ഒരുക്കിയിരുന്ന താൽക്കാലിക ചന്തകൾക്ക‌് പകരമായാണിത‌്. കുടുംബശ്രീ പ്രവർത്തകർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമാണിവിടെയുണ്ടാകുക. മാളിനോട് ചേർന്ന തറനില ഇതിനായി ഒരുക്കും. ഇതിന‌് സമീപം 1000 സ‌്ക്വയർഫീറ്റിൽ സൂപ്പർമാർക്കറ്റുമുണ്ടാകും. ഫുഡ‌് കോർട്ട‌് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും പ്രവർത്തിക്കും. 
 മഹിളാ മാളിൽ വസ‌്ത്രാലയം, ഫുഡ‌്കോർട്ട‌്, കോൺഫറൻസ‌് ഹാൾ, ട്രെയിനിങ്‌ സെന്റർ, ബ്യൂട്ടി പാർലർ,  ഡ്രൈക്ലീനിങ്‌,  കരകൗശല കേന്ദ്രം, ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നുള്ള കാർ വാഷിങ്‌ കേന്ദ്രം, ബേബി കെയർ, ജൈവ വിപണന കേന്ദ്രം, എടിഎം കൗണ്ടർ തുടങ്ങിയവയുമുണ്ടാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top