Top
16
Saturday, December 2017
About UsE-Paper

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് യുവജന മാര്‍ച്ച്

Saturday Oct 7, 2017
സ്വന്തം ലേഖകന്‍
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്  > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ഡിവൈഎഫ്ഐ ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, പാചകവാതക വിലവര്‍ധന, ജിഎസ്ടി നടപ്പാക്കിയതിലൂടെ സംഭവിച്ച വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് കാളവണ്ടിയാത്ര സംഘടിപ്പിച്ചു. ആയിരക്കണക്കിന് യുവതീയുവാക്കളും ട്രാന്‍സ്ജെന്‍ഡേഴ്സും പങ്കെടുത്ത മാര്‍ച്ചില്‍ ഗ്യാസ് സിലിണ്ടറുകളും കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹനടപടി ചൂണ്ടിക്കാട്ടിയുള്ള ബാനറുകളും തൊഴില്‍ നഷ്ടപ്പെട്ട നൂറുകണക്കിന് യുവാക്കളും പങ്കെടുത്തു.
കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തിയ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെയും അംബാനിയുടെയും താല്‍പ്പര്യമാണ് മോഡി സംരക്ഷിക്കുന്നത്.
40 മാസം മുമ്പ് മോഡി പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. തൊഴിലില്ലായ്മ രൂക്ഷമായി. ബിജെപി ഭരണം സമ്പൂര്‍ണ പരാജയമാണ്. മോഡിയുടെ സാമ്പത്തിയ നയം ഇന്ത്യയുടെ സമ്പദ്ഘടന തകര്‍ത്തുവെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്കും ഉണ്ടാകും.
രാജ്യത്തിന് വേണ്ടത് ഒറ്റ നികുതിയല്ല. ഒറ്റ നീതിയാണ്. ലോകത്തിന് മുന്നില്‍ കൊച്ചു മാതൃകയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ബദല്‍ ഭരണമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവയ്ക്കുന്നത്. ഡിവൈഎഫ്ഐയും ഇടതുപക്ഷവും ഉള്ളിടത്തോളം കാലം കേരളത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിയില്ലെന്നും ഷംസീര്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് കെ സജീഷ് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ വി വസീഫ്, എല്‍ ജി ലിജീഷ്, പി ഷിജിത്ത്, പി സി ഷൈജു, കെ അഭിജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി നിഖില്‍ സ്വാഗതം പറഞ്ഞു. 

 

Related News

കൂടുതൽ വാർത്തകൾ »