15 November Thursday

വെള്ളപ്പൊക്ക ദുരിതാശ്വാസ അവലോകന യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
താമരശേരി
സംസ്ഥാനത്ത‌് സംഭവിച്ച രൂക്ഷമായ പ്രളയക്കെടുതിയിൽ  കൊടുവള്ളി മണ്ഡലത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ തലത്തിൽ മതിയായ ദുരിതാശ്വാസ സഹായവും സംരക്ഷണവും നൽകുന്നതിനെക്കുറിച്ചും മണ്ഡലതലത്തിൽ  ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുമായി കാരാട്ട് റസാഖ‌് എംഎൽഎയുടെ അധ്യക്ഷതയിൽ  താമരശേരി താലൂക്ക് ഓഫീസിൽ   അവലോകന യോഗം ചേർന്നു. 
മണ്ഡലത്തിൽ രണ്ടു ദിവസത്തിൽ കൂടുതൽ വെള്ളം നിന്ന്, വീട് പൂർണമായും  ഭാഗികമായും തകർന്നവർക്കുള്ള പ്രാരംഭ ധനസഹായമായ 10,000 രൂപ 1021  പേർക്ക്  നൽകിയതായി  റവന്യൂ ഉദ്യോഗസ്ഥർ  യോഗത്തിൽ അറിയിച്ചു. മണ്ഡലത്തിൽ തകർന്ന റോഡുകളുടെ  പുനരുദ്ധാരണത്തിന് 7.18 കോടി  രൂപ ആവശ്യമായി വരുമെന്ന്  എൽഎസ്ജിഡി  അധികൃതരും 45.36  ലക്ഷത്തിന്റെ  കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പ്  അധികൃതരും യോഗത്തിൽ അറിയിച്ചു. 
മണ്ഡലത്തിലെ  സ്‌കൂൾ  കെട്ടിടങ്ങളുടെ  ഫിറ്റ്‌നസ്  അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ വിദ്യാഭ്യാസ, എൽഎസ്ജിഡി വകുപ്പുകളെ സംയുക്തമായി യോഗം ചുമതലപ്പെടുത്തി. പകർച്ചവ്യാധികൾ തടയാൻ നടപടി സ്വീകരിച്ചുവരുന്നതായും വാർഡ് തലത്തിൽ  സാനിറ്റേഷൻ  കമ്മിറ്റികൾ രൂപീകരിച്ചുവരുന്നതായും ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത‌് പ്രസിഡന്റ് ഏലിയാമ്മ ജോർജ്, കട്ടിപ്പാറ പ്രസിഡന്റ‌് ബേബി രവീന്ദ്രൻ, മടവൂർ പഞ്ചായത്ത‌് പ്രസിഡന്റ്  ഹമീദ്, കിഴക്കോത്ത‌് പഞ്ചായത്ത‌് പ്രസിഡന്റ് ഹുസൈൻ, താമരശേരി പഞ്ചായത്ത‌് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, നരിക്കുനി വൈസ് പ്രസിഡന്റ‌് ജബ്ബാർ,  വൈസ് പ്രസിഡന്റ‌് നിധീഷ് കല്ലുള്ളതോട് എന്നിവരും  തഹസിൽദാർ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top