19 November Monday

മോഡി ഇന്ത്യയെ ഏകാധിപത്യത്തിലേക്ക‌് നയിക്കുന്നു: പി രാജീവ‌്

സ്വന്തം ലേഖകൻUpdated: Friday Jul 6, 2018

ഒഞ്ചിയം നല്ലാച്ചേരിയിൽ നടന്ന സി എച്ച് അശോകൻ അനുസ്മരണം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വടകര
നരേന്ദ്രമോഡി സർക്കാർ രാജ്യത്തെ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗവും ദേശാഭിമാനി ചീഫ‌് എഡിറ്ററുമായ പി രാജീവ് പറഞ്ഞു. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും സമസ്ത തലങ്ങളിലും കേന്ദ്രം ഇടപെടുകയാണ്. വ്യത്യസ‌്ത സ്വരങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്നു. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞവരെ കൊലപ്പെടുത്തുന്നു. ഏകാധിപത്യ ഭരണ സംവിധാനത്തിലേക്കാണ് മോഡി രാജ്യത്തെ നയിക്കുന്നത്. ഒഞ്ചിയം നല്ലാച്ചേരിയിൽ സി എച്ച് അശോകൻ അനുസ്മരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്ത‌് ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ അവകാശമുണ്ട്. ഇന്ത്യപോലുള്ള രാജ്യത്ത് ജനങ്ങൾ എന്തുകഴിക്കുന്നു എന്നല്ല എന്തെങ്കിലുമൊക്കെ കഴിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടതെന്നും രാജീവ‌് പറഞ്ഞു. എങ്ങനെ ചിന്തിക്കണം, ഏതുരീതിയിലൂടെ പോകണം എന്ന‌് ആർഎസ‌്എസ‌് തീരുമാനിക്കുകയാണ‌്. അതിനായി ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളെയും മോഡി സമർഥമായി പ്രയോഗിക്കുന്നു.  ബിജെപിയുടെ ഭരണം നാടിനും ഭരണഘടനക്കും എതിരാണ്.
വർഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യത്തെ സംരക്ഷിക്കാനാവില്ല. അത് സംഘർഷത്തിലേക്കായിരിക്കും നയിക്കുക. ബിജെപിക്കെതിരെയും കേന്ദ്ര ഭരണസംവിധാനത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നാട് ആവശ്യപ്പെടുന്നത്. മതനിരപേക്ഷ‐ജനാധിപത്യ വാദികൾ ഒത്തുചേരുന്ന പോരാട്ടത്തിന് നേതൃത്വം നൽകാൻ 
ദുർബലമായ കോൺഗ്രസിന് കഴിയില്ല. ഇടതുപക്ഷത്തിനേ അത‌് സാധ്യമാകൂ.
കേന്ദ്രഭരണത്തിന് ബദലാണ് കേരള സർക്കാർ. ജനപക്ഷത്തുനിന്ന‌് പ്രവർത്തിക്കുന്ന സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയണം. സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മഹാ വിപ്ലവകാരിയാണ് സി എച്ച് അശോകനെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റംഗവും തൊഴിൽ മന്ത്രിയുമായ ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, ആർ ഗോപാലൻ, ഇ എം ദയാനന്ദൻ എന്നിവർ സംസാരിച്ചു. പി രാജൻ അധ്യക്ഷനായി. എം കെ രാഘവൻ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top