17 October Wednesday

അരങ്ങുണരുന്നത് നാടകത്തിന്റെ മണ്ണില്‍

വി കെ സുധീര്‍കുമാര്‍Updated: Tuesday Dec 5, 2017

പേരാമ്പ്ര,  58-ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശീല ഉയരുമ്പോള്‍ അരങ്ങില്‍ തെളിയുന്നത് പേരാമ്പ്രയുടെ നാടക പെരുമ. കേരളത്തിന്റെ നാടക ചരിത്രത്തിന്റെ നല്ലൊരു ഭാഗം പേരാമ്പ്രയുമായി ബന്ധപ്പെട്ടതാണ്. നാടകത്തിനായി മുഖത്ത് ചായം തേച്ചവരും പേന ചലിപ്പിച്ചവരും ഭാവങ്ങള്‍ കാണിച്ചുകൊടുത്തവരും ഇവിടെയുണ്ട്. ചിലര്‍ മണ്‍മറഞ്ഞെങ്കിലും മറ്റുചിലര്‍ ഇന്നും അരങ്ങിലെ ഓര്‍മകളുമായി കഴിയുന്നു.
ഭരതമുനിയുടെ നാട്യശാസ്ത്ര പ്രകാരമുള്ള നാടകം സംസ്ഥാനത്ത് ആദ്യമായി കളിക്കുന്നത് പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളിയിലായിരുന്നു. 1950 മുതല്‍ ഇങ്ങോട്ട് നാടകം ഈ നാടിന്റെ ഹൃദയവുമായി അലിഞ്ഞുചേര്‍ന്നതാണ്. കോമപ്പന്‍ മാഷ് ഉള്‍പ്പെടെയുള്ളവരായിരുന്നു ആക്കാലത്തെ നടന്മാര്‍. ആദ്യകാലത്ത് കെപിഎസിയുടെയും എന്‍ എന്‍ പിള്ളയുടെ വിശ്വകേരള കലാസമിതിയുടെയും സി എല്‍ ജോസിന്റെയും നാടകങ്ങളും പേരാമ്പ്രയില്‍ കളിച്ചിരുന്നു. വി കെ ബാലചന്ദ്രന്റെ വീനസ് തിയറ്റര്‍, രാജന്‍ തിരുവോത്തിന്റെ കളിയരങ്ങ്, നടുവണ്ണൂരിലെ ലിബറല്‍ തിയറ്റേഴ്സ്, രാഘവകുറുപ്പിന്റെ കലാനികേതന്‍ എന്നീ കലാസമിതികള്‍ ആണ് പ്രദേശത്ത് നാടക സംസ്കാരം വളര്‍ത്തിയെടുത്തത്. കെ ടി ബി കല്‍പത്തൂരിന്റെ നാടകങ്ങളും എടുത്തുപറയേണ്ടതാണ്. റേഡിയോ നാടകങ്ങള്‍ ആയിരുന്നു കെ ടി ബി  കൂടുതലും രചിച്ചത്. അടിയന്തരാവസ്ഥയുടെ ക്രൂരത ആവിഷ്കരിച്ച ഇന്ത്യയിലെ എട്ട് നാടകങ്ങളില്‍ രണ്ടെണ്ണം രാജന്‍ തിരുവോത്തിന്റെ പട്ടിയെകുറിച്ച് ഒരു അന്വേഷണം, ഒരു ഇന്ത്യന്‍ കഴുതയുടെ ആത്മരോദനം എന്നിവയായിരുന്നു. നടുവണ്ണൂരിലെ വിശ്വന്‍ മന്ദങ്കാവിന്റെ നാടകവും ഇതില്‍പ്പെടും. നിരവധി നടീനടന്മാരെ സംഭാവന ചെയ്യാനും പേരാമ്പ്രയ്ക്ക് കഴിഞ്ഞു. മുഹമ്മദ് പേരാമ്പ്ര, വി കെ ഭാസ്കരന്‍ നായര്‍, കോടേരി ലക്ഷ്മി, കെ ഇ കുഞ്ഞിരാമന്‍, കൊഴക്കോടന്‍, കടിയങ്ങാട് കുഞ്ഞികൃഷ്ണന്‍, പരേതനായ കാക്കിരാന്തി ഗോവിന്ദന്‍ എന്നിവരായിരുന്നു ആദ്യ കാലത്തെ നടന്‍മാര്‍. ഇതില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ മുഹമ്മദ് പേരാമ്പ്ര നിരവധി സിനിമകളിലും അഭിനയിച്ചു. നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് അക്കാലത്ത്  പലരും നാടകരംഗത്ത് ഉറച്ചുനിന്നത്. പുരോഗമനാത്മകമായ നാടകങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നിരവധി ശാരീരിക ആക്രമണങ്ങള്‍ നേരിട്ട നടനാണ് മുഹമ്മദ്. ഒരു ജോലി എന്നതിലുപരി ആളുകളില്‍ കലാബോധം വളര്‍ത്തുക, ഇടതുപക്ഷ ബോധം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു ഇവരുടെ അരങ്ങിന്റെ  ലക്ഷ്യം. നിരവധി അമച്വര്‍, പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഈ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പരീക്ഷണാത്മക നാടകങ്ങളും നവീന നാടക സങ്കേതങ്ങളും അതത്  കാലത്ത് തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു.
പുതിയ തലമുറയില്‍ രാജീവന്‍ മമ്മിളിയാണ് പേരാമ്പ്രയുടെ നാടകമുഖം. രാമേട്ടന്‍, ഒരു സഹയാത്രികന്റെ ഡയറികുറിപ്പുകള്‍, നീല നിലാവില്‍ ഭാര്‍ഗവി നിലയം എന്നിവയാണ് രാജീവന്റെ പ്രധാന നാടകങ്ങള്‍. മൂന്ന് തവണ തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം രാജീവനെ തേടിയെത്തി. പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കാരി എന്ന കലാസംഘടന നാടകത്തിന് പുതിയ ഊര്‍ജം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ചെങ്കാരി സംഘടിപ്പിച്ച നാടകോത്സവം വന്‍ വിജയമായിരുന്നു. ഈ വര്‍ഷവും നാടകമത്സരം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംഘാടകനായ യു സി ഹനീഫ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top