21 September Friday
14 പേർക്ക‌ുകൂടി സ്ഥിരീകരണം

എലിപ്പനി പ്രതിരോധം സുശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
കോഴിക്കോട‌്
ജില്ലയിൽ ചൊവ്വാഴ‌്ച 14 പേരിൽ  എലിപ്പനി സ്ഥിരീകരിച്ചു. കോർപറേഷൻ മേഖലയിലും സമീപ പഞ്ചായത്തുകളിലുമാണ‌് രോഗ ബാധ.  പുതിയറ(2 പേർക്ക‌്), ഒളവണ്ണ (3), നാലുകുട്ടിപ്പറമ്പിൽ (1), കൊമ്മേരി (1), പുന്നശേരി (1), ചൂലൂർ (1), കുന്നമംഗലം (3), പെരുമണ്ണ (1), പന്നിക്കോട്ടൂർ (1)  എന്നിങ്ങനെയാണ‌് രോഗബാധിതരുടെ കണക്ക‌്.  ഇതോടെ  രോഗം  സ്ഥിരീകരിച്ച‌് ചികിത്സയിലുള്ള   കേസുകൾ 118 ആയി. 30 പേർക്കാണ‌് രോഗം സംശയിക്കുന്നത‌്.  
 വെള്ളിപറമ്പ്, പൂവാട്ട് പറമ്പ്, വടകര, ചേവരമ്പലം, നല്ലളം,  പുതുപ്പണം, മേരിക്കുന്ന്, വെങ്ങളം, പുതിയറ, കുറ്റ്യാടി, ചാലിയം, കൊളത്തറ, തിരുവങ്ങൂർ, ഒളവണ്ണ,  കണ്ണാടിക്കൽ, കുന്നമംഗലം, മാവൂർ, പെരിങ്ങൊളം  എന്നിവിടങ്ങളിൽ നിന്നുള്ളവരാണ‌് ലക്ഷണങ്ങളുമായി ചികിത്സ തേടിയത‌്. ഇതോടെ സംശയാസ്പദമായ കേസുകളുടെ എണ്ണം 239 ആയി.   
   പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വിഭാഗം വിപുലമായ നടപടികളാണ‌് കൈക്കൊള്ളുന്നത‌്. മരുന്ന‌് വിതരണവും താൽക്കാലിക ആശുപത്രികളും മൊബൈൽ ക്യാമ്പുകളും എല്ലാ മേഖലയിലും സജീവമാണ‌്. മെഡിക്കൽ കോളേജ‌് ആശുപത്രിയിലും ബീച്ച‌് ജനറൽ ആശുപത്രിയിലും എലിപ്പനി ചികിത്സയ‌്ക്കായി പ്രത്യേക വാർഡുകൾ ഒരുക്കിയിട്ടുണ്ട‌്. മെഡിക്കൽ കോളേജിൽ നിപാ കാലത്ത‌് ആരംഭിച്ച ഐസൊലേഷൻ വാർഡിലേക്ക‌് ഇപ്പോൾ എലിപ്പനി ബാധിതരെ മാറ്റിയിട്ടുണ്ട‌്. അതിന‌് പുറമെ ജറിയാട്രിക‌് വാർഡും താൽക്കാലികമായി എലിപ്പനി ബാധിതരെ ചികിത്സിക്കാനായി സജ്ജമാക്കി. ഇതോടെ വരാന്തയിലും മറ്റുമായി കിടന്നവരെ വാർഡുകളിലേക്ക‌് മാറ്റാനായി. ബീച്ച‌് ജനറൽ ആശുപത്രിയിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമായി 15 പേർക്ക‌് വീതം കിടക്കാവുന്ന പ്രത്യേക വാർഡുകൾ വെവ്വേറെ ക്രമീകരിച്ചിട്ടുണ്ട‌്. താലൂക്ക‌് ആശുപത്രികളിലെല്ലാം പ്രതിരോധ മരുന്നുകൾ നൽകുന്നതിനായി ഡോക്സി കോർണറുകൾ സജ്ജീകരിച്ചു. ജില്ലയിൽ തുടങ്ങിയ 16 താൽക്കാലിക ആശുപത്രികളും പ്രവർത്തനം ആരംഭിച്ചു. 
    ജെഎച്ച‌്ഐ, ജെപിഎച്ച‌്എൻ,  ആശാവർക്കർമാർ തുടങ്ങി ആരോഗ്യ സേനകളെ എല്ലാ മേഖലയിലും വിപുലപ്പെടുത്തിയിട്ടുണ്ട‌്. വീടുകളിലെത്തി  കുടിവെള്ള ശുചീകരണവും ശുചിത്വവും പ്രതിരോധ മരുന്ന‌് കഴിക്കുന്നത‌് സംബന്ധിച്ചും ബോധവൽക്കരണം നൽകുന്നുണ്ട‌്.   വെള്ളപ്പൊക്കമുണ്ടായ ഭാഗങ്ങൾ പ്രത്യേകം പരിഗണിച്ച‌് പ്രതിരോധ ഗുളികകൾ കഴിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി മൈക്ക‌് അനൗൺസ‌്മെന്റ‌ുകളും മൊബൈൽ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top