14 November Wednesday

രണ്ടാംഘട്ട പുസ്തകങ്ങൾ സ്കൂളുകളിലെത്തിത്തുടങ്ങി

സ്വന്തം ലേഖകൻUpdated: Thursday Jul 5, 2018

വടകര ബുക്ക് ഡിപ്പോയിൽ പുസ്തകങ്ങൾ കെട്ടുകളാക്കിവയ‌്ക്കുന്ന ജീവനക്കാർ

വടകര
ഓണാവധിക്കുശേഷം പഠിപ്പിക്കേണ്ട രണ്ടാംഘട്ട പുസ്തകങ്ങളും സ്കൂളുകളിലെത്തിത്തുടങ്ങി. വേനലവധിക്ക് സ്കൂൾ അടയ്ക്കുമ്പോൾ അടുത്ത അധ്യയനവർഷത്തേക്കുള്ള പുസ്തകങ്ങൾ വിദ്യാർഥികൾക്ക് നൽകി ചരിത്രം സൃഷ്ടിച്ച എൽഡിഎഫ‌് സർക്കാർ രണ്ടാംഘട്ടത്തിലും വിദ്യാർഥികൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി. ജില്ലയിൽ വിതരണംചെയ്യേണ്ട പുസ്തകങ്ങൾ വടകരയിലെ ബുക്ക് ഡിപ്പോയിൽനിന്നും രണ്ടാം തീയതിമുതൽ വിതരണം ചെയ്തുതുടങ്ങി. ഫറോക്ക് ഉപജില്ലയിലെയും കോഴിക്കോട് റൂറലിലെയും സൊസൈറ്റികളിലാണ് ഇതിനകം പുസ്തകമെത്തിച്ചത്. ഈ മാസത്തിനകം ജില്ലയിലെ 366 സൊസൈറ്റികളിലും പുസ്തകമെത്തിക്കും. 
അൺഎയ്ഡഡ് ഉൾപ്പടെ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും 21,21,461 പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ഇതിൽ 11,59,000 പുസ്തകങ്ങളാണ് വടകര ഡിപ്പോയിലെത്തിയത്. സ്ഥല പരിമിതിയുള്ളതിനാൽ ഇവിടെയുള്ള പുസ്തകങ്ങൾ സൊസൈറ്റിയിൽ എത്തിക്കുന്ന മുറയ്ക്ക് അവശേഷിക്കുന്ന പുസ്തകങ്ങളും ഇവിടെയെത്തിക്കും. ഹൈസ്കൂൾ ക്ലാസുകളിലേക്ക് ആവശ്യമായ മുഴുവൻ പുസ്തകങ്ങളും ഡിപ്പോയിലെത്തിയിട്ടുണ്ട്. ഇനി ലഭിക്കാനുള്ളത് പ്രൈമറി ക്ലാസുകളിലേക്കുള്ള ചില പുസ്തകങ്ങളാണ്. ഇവയും ഉടനെ വിതരണത്തിനെത്തും. സൊസൈറ്റി മുഖേനെയെത്തുന്ന പുസ്തകങ്ങൾ അതത് സ്കൂളികളിലേക്ക് ആവശ്യമായവ പ്രധാനാധ്യാപകർ സ്വീകരിക്കുകയാണ് പതിവ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം അവതാളത്തിലായത് വ്യാപക പരാതി ഉയർന്നിരുന്നു. പലപ്പോഴും അർധവാർഷിക പരീക്ഷയ്ക്ക് പോലും പുസ്തകം ലഭിച്ചിരുന്നില്ല. ഇതുകണക്കിലെടുത്താണ് എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ പുസ്തകങ്ങൾ വിദ്യാർഥികൾക്ക് നൽകി വിദ്യാഭ്യാസരംഗത്ത് മാതൃക തീർക്കുന്നത്.  മൂന്നാംഘട്ടത്തിലേക്കുള്ള പുസ്തകങ്ങൾ  ഡിസംബറിൽ ഡിപ്പോയിലെത്തുമെന്നും അധികൃതർ പറഞ്ഞു.   
പ്രധാന വാർത്തകൾ
Top