26 September Wednesday

ബോട്ടുകൾ എത്തിത്തുടങ്ങി; ഫിഷിങ‌് ഹാർബർ ഉണരുന്നു

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

ട്രോളിങ‌് നിരോധനശേഷം ബോട്ടുകൾക്ക് ലഭിച്ച കിളിമീൻ ബേപ്പൂർ ഹാർബറിലെ ലേലപ്പുരയിൽ സൂക്ഷിച്ചിരിക്കുന്നു

ബേപ്പൂർ
മൺസൂൺകാല ട്രോളിങ്ങ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിലിറങ്ങി ഹാർബറുകളിൽ തിരിച്ചെത്തിത്തുടങ്ങി. തീരക്കടലിൽ മീൻ പിടിക്കുന്ന ചെറുകിട ഇടത്തരം ബോട്ടുകളാണേറെയും രണ്ടു ദിവസത്തിനകം മത്സ്യക്കൊയ്ത്തു നടത്തി ഹാർബറിൽ മടങ്ങിയെത്തിയത്.  ഇവരിൽ ഭൂരിഭാഗം ബോട്ടുകൾക്കും ചെറിയ കിളിമീനാണ് ലഭിച്ചത്. ആദ്യ നാളുകളിൽ തന്നെ വൻതോതിൽ മത്സ്യം ലഭിച്ചിട്ടുണ്ട്. ഇവ ഇതര സംസ്ഥാനങ്ങളിലേക്കുൾപ്പെടെ കയറ്റി അയക്കുകയാണ്. ബോട്ടുകൾ നിറയെ മത്സ്യവുമായി തിരിച്ചെത്തിത്തുടങ്ങിയതോടെ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഫിഷിങ‌് ഹാർബർ ഉണർന്നു.
ആഴക്കടൽ മത്സ്യബന്ധന നിരോധനം നീങ്ങി , മലബാറിലെ ഏറ്റവും വലിയ മത്സ്യ ബന്ധന കേന്ദ്രമായ ബേപ്പൂരിൽ അറുനൂറോളം ബോട്ടുകളിൽ മുക്കാൽ ഭാഗവും രണ്ടു നാളുകൾക്കകം കടലിലിറങ്ങി. കുറെ കൂറ്റൻ ബോട്ടുകളിൽ മറുനാട്ടുകാരായ തൊഴിലാളികൾ എത്താനുള്ളതിനാലും ചിലതിൽ വലകളും അനുബന്ധ ഉപകരണങ്ങളും പൂർണമായും കയറ്റാനുള്ളതിനാലുമാണ് നിരോധനം അവസാനിച്ചിട്ടും കടൽപണിക്കിറങ്ങാൻ താമസിക്കുന്നത്.  കടലിലിറങ്ങിയ ബോട്ടുകളിൽ ഒരു വിഭാഗം ഒന്നും രണ്ടും ആഴ്ചകൾ പിന്നിട്ടും കുറെ ബോട്ടുകൾ ഒരു മാസമെടുത്തുമാണ് തിരികെയെത്തുക. ചിലർ കൂടുതൽ മാസങ്ങളെടുക്കും മടങ്ങിയെത്താൻ. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ മീൻപിടിത്തത്തിലേർപ്പെടുന്നവരാണ് വൈകിയെത്തുന്നത്.  പലരും എത്തിപ്പെടുന്ന സംസ്ഥാനങ്ങളിലെ തൊട്ടടുത്ത ഹാർബറുകളിലെത്തി മത്സ്യം വില്പന നടത്തി വീണ്ടുമിറങ്ങുക പതിവാണ്.  മികച്ച ശീതീകരണ സംവിധാനങ്ങളും അത്യാധുനിക യന്ത്ര ഉപകരണങ്ങളുമായിറങ്ങുന്ന ബോട്ടുകൾ മാസങ്ങൾ തുടർച്ചായി ആഴക്കടലിൽ ചെലവിടുന്നുണ്ട്.  ആഴക്കടലിലും തീരക്കടലിലും  മികച്ച മത്സ്യക്കൊയ്ത്താണ‌് ഇത്തവണ പ്രതീക്ഷിക്കുന്നത്.  കാലാവസ്ഥ ഗുണകരമായതും നിരോധന കാലപരിധി നീട്ടിയതും കടലിൽ മത്സ്യോല്പാദനം ഗണ്യമായി വർധിക്കാനിടയുണ്ടെന്നാണ്  വിദഗ്ധ അഭിപ്രായം. ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങിയതോടെ ഹാർബറിലെ ലേലപ്പുരകളും സജീവമാകുകയാണ്. കയറ്റിറക്കു തൊഴിലാളികളും ഏജന്റുമാരുമെല്ലാം എത്തിത്തുടങ്ങി. കയറ്റുമതി കേന്ദ്രങ്ങൾ കൂടുതൽ സജീവമാകാൻ ദിവസങ്ങളെടുക്കും. മത്സ്യക്കയറ്റുമതിക്കായുള്ള വാഹനങ്ങൾ  ഹാർബറിൽ നിരന്നു കഴിഞ്ഞു. ഹാർബർ സജീവമാകുന്നതിനൊപ്പം തീരമേഖലയിലെ സാമൂഹ്യ സാമ്പത്തിക രംഗത്തും ഉണർവാകും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top