20 September Thursday

നിപാ ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് ഭൂമി നല്‍കി കര്‍ഷകന്‍

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018

രാജന്റെ കുടുംബത്തിന്‌ നിർമിക്കുന്ന വീടി​ന്റെ തറക്കല്ലിടൽ എം മെഹബൂബ് നിർവഹിക്കുന്നു

ബാലുശേരി
നിപാ വൈറസ് ബാധിച്ച് മരിച്ചയാളുടെ കുടുംബത്തിന് വീട് വയ‌്ക്കാൻ ഭൂമി നൽകി കർഷക​ന്റെ മാതൃക. കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പള്ളി മീത്തൽ രാജ​ന്റെ കുടുംബത്തിനാണ് കർഷകനായ ചായ നാനിക്കൽ പൗലോസ് ഭൂമി നൽകിയത്.
കഴിഞ്ഞ മെയ‌് 21നാണ് നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽകോളേജിൽ രാജൻ മരണമടയുന്നത്. പ്ലാസ്റ്റിക് ഷീറ്റിട്ട ചെറിയ കുടിലിൽ താമസിക്കുന്ന ഭാര്യ സിന്ധുവിനും രണ്ട് പെൺകുട്ടികൾക്കും അന്തിയുറങ്ങാൻ വീടില്ലായിരുന്നു. രാജൻ മരിച്ചതോടെ അനാഥരായ കുടുംബത്തിന് സിപിഐ എം വീട് നിർമിച്ചുനൽകാൻ തയ്യാറായി. കുന്നിൻമുകളിലുള്ള രാജ​ന്റെ ഷെഡ‌് നിൽക്കുന്ന ഭാ​ഗം ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് തകർന്നു. മണ്ണിടിച്ചിൽ ഇനിയുമുണ്ടാകുമെന്ന ഭയത്തിൽ സിപിഐ എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി വീട് നിർമിക്കാൻ പുതിയ സ്ഥലം നോക്കിയുള്ള അന്വേഷണത്തിലാണ് പൗലോസ് നാല്സെ​ന്റ് ഭൂമി സൗജന്യമായി നൽകാൻ തയ്യാറായത്. കർഷകസംഘം കൂരാച്ചുണ്ട് പ‍ഞ്ചായത്ത് കമ്മിറ്റി പ്രസിഡ​ന്റും സിപിഐ എം ഓഞ്ഞിൽ ബ്രാഞ്ച് അം​ഗവുമാണ് സ്ഥലം നൽകിയ പൗലോസ്.
കൂരാച്ചുണ്ട് ബാലുശേരി റോഡിൽ ആനപ്പാറ ജങ‌്ഷനിൽ പൊന്നും വിലമതിക്കുന്ന സ്ഥലത്താണ് നാല് സെ​ന്റ് ഭൂമി നൽകിയത്. ജനകീയ പങ്കാളിത്തത്തോടെ 12 ലക്ഷം രൂപ ചെലവഴിച്ചാണ് സിപിഐ എം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി വീട് നിർമിക്കുന്നത്. വീട് നിർമാണത്തി​ന്റെ തറക്കല്ലിടൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം എം മെഹബൂബ് നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ രാജൻ ഉറുമ്പിൽ അധ്യക്ഷനായി. പുരുഷൻ കടലുണ്ടി എംഎൽഎ, പ‍ഞ്ചായത്ത് പ്രസിഡ​ന്റ് വിൻസി തൊണ്ടിയിൽ, വാർഡ് മെമ്പർമാരായ ​ഗീതാചന്ദ്രൻ, കാർത്തിക വിജയൻ, സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ, ​ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡ​ന്റ് കെ വിജയൻ എന്നിവർ സംസാരിച്ചു. വി എം കുഞ്ഞിരാമൻ സ്വാ​ഗതം പറ‍ഞ്ഞു.
പ്രധാന വാർത്തകൾ
Top