20 September Thursday

ഓര്‍മകളില്‍ ഉയര്‍ന്നുപാറുന്നു ചെങ്കൊടി

സ്വന്തം ലേഖകന്‍Updated: Thursday Jan 4, 2018



കൊയിലാണ്ടി > നാല്‍പ്പത്തഞ്ച് വര്‍ഷം മുമ്പ് കൊയിലാണ്ടിയില്‍ നടത്തിയ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഓര്‍മകള്‍ നിറയ്ക്കുന്ന വിപ്ളവാവേശത്തിലാണ് സി ആര്‍ നായര്‍ എന്ന രാമന്‍മാഷ്. 85-ാം വയസ്സില്‍ ശാരീരികാസ്വാസ്ഥ്യം അലട്ടുന്നതിനാല്‍ സമ്മേളനസ്ഥലത്ത് എത്താനാകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് സമ്മേളനവേദിയിലുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം കൊയിലാണ്ടിയില്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജനസഹസ്രങ്ങള്‍ ഒരുങ്ങുമ്പോള്‍ മാഷിന്റെ മനസ്സിലും വിപ്ളവാവേശം അലതല്ലുകയാണ്.
1972-ലാണ് കൊയിലാണ്ടി കൊല്ലത്തിനടുത്ത് മന്ദമംഗലത്ത് സിപിഐ എം ജില്ലാസമ്മേളനം നടന്നത.് അന്ന്  കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു രാമന്‍മാഷ്. സംസ്ഥാന സെക്രട്ടറി സി എച്ച് കണാരനും കേന്ദ്രകമ്മിറ്റിയംഗം ചാത്തുണ്ണിമാഷുമെല്ലാം അന്ന് സമ്മേളനത്തിനെത്തി. 1969 മുതല്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്നു സി ആര്‍ നായര്‍.
പിഎസ്പിയുടേയും കോണ്‍ഗ്രസിന്റേയും ഈറ്റില്ലമായിരുന്നു അന്ന് കൊയിലാണ്ടിയെന്ന് മാഷ് ഓര്‍മിക്കുന്നു. കമ്യൂണിസ്റ്റുകാരനായാല്‍ ആരും അംഗീകരിക്കാത്ത കാലം. കൊയിലാണ്ടിയില്‍ അല്‍പ്പമെങ്കിലും കമ്യൂണിസ്റ്റുകാരുണ്ടായിരുന്ന പന്തലായനിയിലെ വീട്ടില്‍നിന്നാണ് മാഷിന്റെ മനസ്സിലും കമ്യൂണിസത്തിന്റെ വിത്തുവീണത്. പന്തലായനി യുപി സ്കൂളില്‍ അധ്യാപകനായതോടെ കെ പി പത്മനാഭന്‍ അടക്കമുള്ള ആദ്യകാല അധ്യാപക പ്രസ്ഥാന നേതാക്കളുടെ സാമീപ്യം ആവേശം വര്‍ധിപ്പിച്ചു. 1956-ല്‍ കെ പി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സെല്ലില്‍ അംഗമായിരുന്നു സിആര്‍. സ്കുള്‍ അധ്യാപകനായതോടെ മാസശമ്പളമായ 30 രൂപയില്‍ പകുതിയിലധികവും പാര്‍ടി പ്രവര്‍ത്തനത്തിന് ചെലവഴിച്ചു. ജില്ലാസമ്മേളനം നടക്കുന്ന കാലയളവില്‍ കൊയിലാണ്ടി പഞ്ചായത്തിലെ 15  അംഗങ്ങളില്‍ മൂന്നുപേര്‍ സിപിഐ എം അംഗങ്ങളായിരുന്നു. ജില്ലാകമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുമ്പോള്‍ കേളുവേട്ടനാണ് മത്സ്യത്തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചത്. പില്‍ക്കാലത്ത് മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷററായും മാഷ് പ്രവര്‍ത്തിച്ചു.
അനാരോഗ്യത്തെ തുടര്‍ന്ന് പാര്‍ടി ചുമതലകളില്‍നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുമ്പോഴും പഴയ കാര്യങ്ങളെല്ലാം ഇപ്പോഴും ഇന്നലെ നടന്നപോലെ മാഷിന് ഓര്‍മയുണ്ട്. കൊയിലാണ്ടി അടക്കമുള്ള മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയശേഷം സമ്മേളനം നടക്കുമ്പോള്‍ മാഷിന്റെ മനസ്സില്‍ ഒരായിരം ചെങ്കൊടികള്‍ പാറുകയാണ്.

പ്രധാന വാർത്തകൾ
Top