Top
24
Wednesday, January 2018
About UsE-Paper

തരിശുഭൂമി കൃഷിയോഗ്യമാക്കണം

Thursday Jan 4, 2018
സ്വന്തം ലേഖകന്‍


കൊയിലാണ്ടി > ജില്ലയിലെ തരിശുഭൂമി കൃഷിയോഗ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൃഷിയും അനുബന്ധ മേഖലകളുമാണ് ജില്ലയുടെ പ്രധാന വരുമാനം. ഏതാണ്ട് 1,49,940 ഹെക്ടറിലാണ് നിലവില്‍ കൃഷി ചെയ്തുവരുന്നത്. എന്നാല്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി 31,763 ഹെക്ടറും ചതുപ്പ് ‘ഭൂമിയായി 1,626 ഹെക്ടറും കൃഷിയോഗ്യമായ തരിശുഭൂമിയായി 28,324 ഹെക്ടറുമുണ്ട്. ഇതെല്ലാം ചേര്‍ത്താല്‍ 29950 ഹെക്ടര്‍കൂടി കൃഷിയോഗ്യമാക്കാം.
ജില്ലയില്‍ നെല്ലിന്റെ വിളവിസ്തീര്‍ണവും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞുവരികയാണ്. നേന്ത്രവാഴ, മരച്ചീനി, നാളികേരം, റബര്‍, കശുമാവ് തുടങ്ങിയ കൃഷികളിലും ഇത് കാണാം. ഇഞ്ചിയില്‍ വിളവിസ്തീര്‍ണം വര്‍ധിപ്പിച്ചിട്ടും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കുറഞ്ഞു. ഉല്‍പ്പാദന ചെലവിനനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിക്കാര്‍ കാര്‍ഷികരംഗം ഉപേക്ഷിക്കുകയാണ്.
മലയോര മേഖലയില്‍ മിക്ക പഞ്ചായത്തുകളിലും ഭൂമിയുടെ അടിസ്ഥാന രേഖകള്‍ കിട്ടാത്തതുമൂലമുള്ള പ്രയാസം ചെറുതല്ല. വനാതിര്‍ത്തിയില്‍ വനംവകുപ്പ് ഏകപക്ഷീയമായി ജണ്ട കെട്ടുക, ചില സ്ഥലങ്ങളെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഎഫ്എല്‍ ആയി പ്രഖ്യാപിക്കുക എന്നിവ കാരണം പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ച് കൃഷിചെയ്തുവരുന്ന ആയിരക്കണക്കിന് കൃഷിക്കാര്‍ ആശങ്കയിലാണ്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കടുത്ത നിരാശ കൃഷിക്കാരെ ബാധിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ വര്‍ധിച്ചുവരുന്ന ആക്രമണവും ഗുരുതരമായി ബാധിക്കുന്നു.
കാര്‍ഷിക മേഖല സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ജില്ലയില്‍ ആവിഷ്കരിക്കണം. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി കൃഷിയോഗ്യമാണെന്ന് കണ്ടെത്തിയ 29,950 ഹെക്ടറില്‍കൂടി  നെല്ല്, പച്ചക്കറി എന്നിവ ഉല്‍പ്പാദിപ്പിക്കണം. കുറ്റ്യാടി ജലസേചന പദ്ധതി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജലസംഭരണശേഷിയും വിതരണ സംവിധാനവും മെച്ചപ്പെടുത്തണമെന്നും ഭൂമിയുടെ രേഖകള്‍ കുറ്റമറ്റതാക്കാന്‍ റീസര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനും വിപണനം ചെയ്യാനും കുടുംബശ്രീ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തുക, ക്ഷീര ഉല്‍പ്പാദന വര്‍ധന ലക്ഷ്യമിട്ട് മില്‍മയുടെ ജനാധിപത്യവത്കരണം ഉറപ്പുവരുത്തുക, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോക്കനട്ട് സോണ്‍ ജില്ലയില്‍ മുഴുവന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
 

Related News

കൂടുതൽ വാർത്തകൾ »