Top
24
Wednesday, January 2018
About UsE-Paper

കുടിവെള്ളം കിട്ടാക്കനിയാകും

Thursday Jan 4, 2018
സി രാഗേഷ്


നാദാപുരം>  വരള്‍ച്ച രൂക്ഷമാകുന്നതിന്റെ  സൂചന നല്‍കി മലയോര  മേഖലയിലെ പുഴകളും തോടുകളും വറ്റി വരളുന്നു. വാണിമേല്‍, വളയം, ചെക്യാട്, നാദാപുരം മേഖലകളിലെ പ്രധാന കുടിവെള്ള ശ്രോതസ്സും മയ്യഴി പുഴയുടെ ഉത്ഭവ കേന്ദ്രങ്ങളിലൊന്നായ വിലങ്ങാട് പുഴയോരവും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു.
താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലെ ചില പ്രദേശങ്ങളിലും കുടിവെള്ള വിതരണം വിഷ്ണുമംഗലം പുഴയില്‍ നിന്നാണ് ശേഖരിക്കുന്നത്. പുഴവെള്ളം ക്രമാതീതമായി കുറയുന്നത് കുടിവെള്ള വിതരണം താറുമാറാകും.  പേര്യ റിസര്‍വ് വനത്തില്‍പെട്ട പുല്ലുവാ പുഴയില്‍ നിന്നുള്ള വെള്ളമാണ് മേഖലയില്‍ പ്രധാന ആശ്രയം. വിലങ്ങാട് പുഴയില്‍ കെഎസ്ഇബി ജല വൈദ്യുത പദ്ധതിക്കായി തടയണ നിര്‍മിച്ചതും മേഖലയില്‍ വേനല്‍കാലത്ത് കുടിവെള്ളത്തിന്റെ ലഭ്യത കുറയാനിടയാകും.
വിലങ്ങാട് ടൌണിലും പരിസരങ്ങളിലും ഉള്‍പ്പെടെ ജലദൌര്‍ലഭ്യം ഇക്കുറി നേരത്തെ അനുഭവപ്പെടുന്നുണ്ട്. മലയോരത്ത് നിന്ന് ചെറിയ കൈവഴികളായി ഒഴുകി വന്നിരുന്ന പുഴയില്‍ നീരൊഴുക്ക് നിലച്ചിട്ട് ആഴ്ചകളായി.  പുഴയോരം പ്ളാസ്റ്റിക് മാലിന്യ ഭീഷണിയിലാണ്. പലിയിടങ്ങളിലും വന്‍ തോതില്‍ മാലിന്യ നിക്ഷേപിച്ച നിലയിലാണ്.ി വാണിമേല്‍ പഞ്ചായത്തിലെ കൊമ്മിയോട്,കുങ്കന്‍ നിരവ്,കാക്കിയോട്, കൂത്താടി മേഖലകളാണ് ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്നത്. വാണിമേല്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരും വിവിധ സന്നദ്ധ സംഘടനകളും തടയണകള്‍ നിര്‍മിച്ച് ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് ആവശ്യം.
പാക്കോയ് കുടിവെള്ള പദ്ധതി പരിസരത്ത് കഴിഞ്ഞ വര്‍ഷം തടയണ നിര്‍മിച്ചതിനാല്‍ പമ്പിംഗ് മുടങ്ങാതെ നടന്നിരുന്നു എന്നാല്‍ ഇത്തവണ തടയണ നിര്‍മിക്കാനുള്ള പദ്ധതികളൊന്നും നടന്നിട്ടില്ല.
നിലവില്‍ പുഴ വെള്ളം ഒഴുകി പോയതിന് ശേഷം തടയണ നിര്‍മിച്ചാല്‍ ഫലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കടുത്ത വേനലില്‍ പോലും ജലക്ഷാമം നേരിടാത്ത മേഖലകളില്‍  കഴിഞ്ഞ വര്‍ഷം കുടിവെള്ളത്തിനായി പരക്കം പാഞ്ഞിരുന്നു. കൂടാതെ വാണിമേല്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ മണല്‍ വാരലിനെ തുടര്‍ന്ന്   പുഴ ഗതി മാറി ഒഴുകുന്നതും കാണാം. ഇക്കാര്യത്തിലും അടിയന്തര നടപടിവേണമെന്നാണ് ആവശ്യം.