19 September Wednesday

പ്രളയനഷ്ടം 650 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

കോഴിക്കോട‌് 
മഴക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 650 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഏകദേശ കണക്ക‌്. ഇതിൽ റോഡുകൾ തകർന്നാണ‌് കൂടുതൽ നാശം﹣ 304 കോടി രൂപ. നേരത്തെ കണക്കാക്കിയിരുന്നത‌് 500 കോടി രൂപയായിരുന്നു. കാലവർഷം ആരംഭിച്ച മെയ‌് 29 മുതൽ ആഗസ‌്ത‌് 31 വരെയുള്ള കണക്കാണിത‌്. അന്തിമ റിപ്പോർട്ട‌് തയ്യാറായിട്ടില്ല. അവസാന ഘട്ടത്തിൽ കണക്കെടുപ്പിൽ മഴക്കെടുതിയുടെ നഷ്ടം ഇരട്ടിക്കുമെന്ന‌് ഡെപ്യൂട്ടി കലക്ടർ(ദുരന്ത നിവാരണം) എൻ റംല പറഞ്ഞു.   
വീടുകൾ പൂർണമായും തകർന്ന ഇനത്തിൽ 19 കോടി രൂപയുടെ നഷ്ടമുണ്ട‌്. ഭാഗികമായി തകർന്ന വീടുകളുടെ നഷ്ടം 49 കോടിയാണ‌്. ജലസേചന വിഭാഗത്തിന‌് 58 കോടിയും ക്ഷീരവികസന വകുപ്പിന‌് 1.35 കോടിയും നഷ്ടമുണ്ട‌്. ദേശീയ പാതയ‌്ക്ക‌് മാത്രം നഷ്ടം 13 കോടി. മൃഗസംരക്ഷണ വകുപ്പിനിത‌് 1.15 കോടിയാണ‌്. ഫിഷറീസ‌് വകുപ്പിന‌് ആറ‌് കോടിക്കടുത്തും.
കനത്ത കാറ്റിലും ഉരുൾപൊട്ടലിലും കെഎസ‌്ഇബിയ‌്ക്കുണ്ടായ നഷ്ടം നാലരക്കോടി രൂപയാണ‌്. ട്രാൻസ‌്ഫോർമർ, പോസ‌്റ്റുകൾ, ലൈനുകൾ എന്നിവ തകർന്നാ‌ണിത‌്. 
ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കാർഷിക മേഖലയ‌്ക്ക‌് വൻ നാശമാണുണ്ടായത‌്. 19 കോടിയുടെ നഷ്ടം. 860.68 ഹെക്ടർ കൃഷിഭൂമിയിലെ വിളകൾ  ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നാമാവശേഷമായി. 119 ഹെക്ടർ നെൽകൃഷിയും 4.2 ഹെക്ടർ പച്ചക്കറിയും ഇതിൽ  ഉൾപ്പെടുന്നു. 7277 കർഷകർ ദുരിതത്തിലായി. തെങ്ങ്, വാഴ, നെല്ല്, കവുങ്ങ്, റബ്ബർ, ജാതി എന്നീ വിളകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാർഷികവൃത്തിക്ക് പ്രാധാന്യമുള്ള കൊടുവള്ളി, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുകളെയാണ് ദുരന്തം ഏറെ ബാധിച്ചത‌്. 10നകം അർഹരായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രധാന വാർത്തകൾ
Top