15 November Thursday

സ‌്കൂട്ടർ തട്ടിയെടുത്ത് പണം മോഷ്ടിച്ച യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
കോഴിക്കോട് 
നിർത്തിയിട്ട സ‌്കൂട്ടർ തട്ടിയെടുത്ത് അതിനകത്തെ രണ്ടേമുക്കാൽ ലക്ഷത്തിലധികം രൂപ അപഹരിച്ച യുവാവ് അറസ്റ്റിൽ. പന്നിയങ്കര മരക്കാട്ട്നിലം പറമ്പ് കെൻസ് ഹൗസിൽ ഗുലാ ഹാദിഖ് (18) ആണ് പിടിയിലായത്. അകന്ന ബന്ധുകൂടിയായ കുണ്ടുങ്ങൽ സ്വദേശി ജാഷിദ് റഹ്മാന്റെ സ‌്കൂട്ടറും പണവുമായാണ‌് കടന്നുകളഞ്ഞത‌്. ശനിയാഴ്ച രാത്രിയാണ‌് അറസ്റ്റ‌്. ചെമ്മങ്ങാട് എസ്ഐ വി സീത, ഗ്രേഡ് എസ്ഐ മുഹമ്മദ് റാഫി, എഎസ്ഐമാരായ ശ്രീകുമാർ, രമേശ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ, രാജേഷ്, പ്രവീൺ, വനിതാ സിപിഒ ബിന്ദു എന്നിവരാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച പകൽ ഒന്നിനാണ് മോഷണം നടന്നത്. നഗരത്തിലെ പ്ലൈവുഡ് ഷോപ്പിലെ മാനേജരായ ജാഷിദ് വട്ടാംപൊയിൽ മദീനാപള്ളിക്കു സമീപം സ‌്കൂട്ടർ നിർത്തി ജുമാ നിസ‌്കരിക്കുന്നതിന് പോയ സമയത്താണ് ഇയാൾ സ‌്കൂട്ടറുമായി കടന്നത്. ബാങ്കിൽ അടയ്ക്കാനുള്ള 2,77,000 രൂപ കവറിലാക്കി സ‌്കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്നു. സ്കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ച ശേഷം  പണമെടുത്ത് ഗുലാ സ്ഥലംവിട്ടു. പാർക്കിങ‌് ഏരിയയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ‌് പ്രതിയെക്കുറിച്ച‌് സൂചന ലഭിച്ചത‌്. മോഷ്ടിച്ച പണം യുവാവിൽനിന്ന‌് പിന്നീട് കണ്ടെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top