18 November Sunday

പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ എലിപ്പനി: ഐസൊലേഷൻ വാർഡിൽ കൂടുതൽ രോഗികളെ ചികിത്സിക്കും

സ്വന്തം ലേഖികUpdated: Monday Sep 3, 2018

 

 
കോഴിക്കോട് 
എലിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കൂടുതൽ രോഗികൾക്ക‌് ചികിത്സാ സൗകര്യമൊരുക്കും. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച്  മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ‌് തീരുമാനം. നിപാ കാലത്ത‌് ഒരുക്കിയ ഐസൊലേഷൻ വാർഡിലേക്ക‌് എലിപ്പനി ബാധിതരെ മാറ്റിയിരുന്നു. വാർഡിൽ  85 രോഗികളെക്കൂടി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാക്കും. നിലവിൽ 68 പേർക്കുള്ള  സൗകര്യമാണുള്ളത്. 
കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളിൽ എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കുടുംബക്ഷേമ വകുപ്പിൽനിന്ന‌് ജില്ലയിലേക്ക് നിയോഗിച്ച 17 സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രങ്ങളിൽ 15 ദിവസത്തേക്ക് ലഭ്യമാകും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചുവരെ ഒപി പ്രവർത്തിക്കും. കൂടാതെ പുതുതായി പ്രവർത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനമുണ്ടാകും. മൂന്ന് മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ കൂടി തുറന്നു. കല്ലുത്താൻ കടവ്, പറയഞ്ചേരി, വെളിയഞ്ചേരി പാടം എന്നിവടങ്ങളിലാണ‌് പുതിയ ക്ലിനിക്കുകൾ.
16 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും  കോർപറേഷൻ പരിധിയിലും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എല്ലാ ദിവസവും വൈകിട്ട് ആറിന‌്  കലക്ടറുടെ ചേംബറിൽ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തും.  സ്വകാര്യ ആശുപത്രികളിൽ എലിപ്പനി ചികിത്സക്കെത്തുന്നവരുടെ റിപ്പോർട്ട് ഡിഎംഒ ഓഫീസിൽ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ ക്യാമ്പുകളിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കും. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ രോഗസാധ്യതാ മേഖലകളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും കഴിക്കണം. രോഗ ലക്ഷണങ്ങളായ പനി, ശരീര വേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയുണ്ടായാൽ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡിഎംഒ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 0495 2376100.  
    കലക്ടർ യു വി ജോസ്, ഡിഎംഒ ഡോ. വി ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുനിൽ കുമാർ, കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ,  ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡിപിഒ ഡോ. എ നവീൻ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top