23 September Sunday

മത്സ്യത്തിലെ വിഷാംശം: ആശങ്കയകറ്റണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
കോഴിക്കോട‌്
ഇതര സംസ്ഥാനങ്ങളിൽ നിന്ന‌് കേരളത്തിലേക്ക് വരുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ വിഷാംശം കണ്ടെത്തിയതിനെ തുടർന്നുണ്ടായ  വ്യാപക പ്രചാരണം മൂലം ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്ന തൊഴിലാളികൾക്കുണ്ടായ ആശങ്കയകറ്റാൻ അധികൃതർ ഇടപെടണമെന്ന് ജില്ലാ മത്സ്യ വിതരണ സംസ്‌കരണ തൊഴിലാളി യൂണിയൻ (സിഐടിയു) ആവശ്യപ്പെട്ടു. 
ഉൾനാടൻ മത്സ്യബന്ധനത്തിലൂടെ കേരളത്തിലെ സമുദ്രങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യം ഐസിട്ട് സൂക്ഷിക്കുകയാണ് പതിവ്.  രാസപദാർഥങ്ങൾ ചേരുന്ന മത്സ്യങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത് തടയാനായി നടത്തിയ ‘ഓപറേഷൻ സാഗർറാണി' പരിശോധനയുടെ ഭാഗമായാണ് വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് ഫോർമാലിൻ ചേർത്ത മത്സ്യം കണ്ടെത്തിയത്. 
ഇത് സാമാന്യവൽക്കരിച്ച് നമ്മുടെ നാട്ടിൽ നിന്നും പിടിച്ചുകൊണ്ടുവരുന്നതും വിൽപ്പന നടത്തുന്നതുമായ മത്സ്യമെല്ലാം വിഷാംശം കലർന്നതാണെന്ന വ്യാപക പ്രചാരണം ജനങ്ങൾ മത്സ്യം വാങ്ങുന്നത് കുറയ്ക്കാനേ ഉപകരിക്കൂ. ജില്ലയിൽ സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ഇതുവരെയും രാസപദാർഥങ്ങൾ കണ്ടെത്തിയിട്ടില്ല. വിഷാംശം കലർന്ന മത്സ്യത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും ആശങ്കയും പരിഹരിക്കുന്നതിനു പകരം ഈ വിഷയങ്ങൾ പർവതീകരിച്ച് ആശങ്കയുണ്ടാക്കാൻ ശ്രമിക്കുന്നത് തുറന്നു കാണിക്കാൻ കഴിയണം.  
ആയിരക്കണക്കിന് കുടുംബങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഈ മേഖലയുടെ ആശങ്കയും സ്തംഭനാവസ്ഥയും ഇല്ലാതാക്കാൻ എല്ലാ വ്യാപാരി, തൊഴിലാളി, ബഹുജന സംഘടനകളുടെയും സഹായവും ഇടപെടലും ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റി പ്രസ‌്താവനയിൽ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top