20 November Tuesday

കണ്ണീർ തുടയ്‌ക്കാൻ നാടൊന്നാകെ; ചന്ദ്രമതി ഇനി തനിച്ചല്ല

സ്വന്തം ലേഖികUpdated: Sunday Sep 2, 2018

 

 
കോഴിക്കോട‌്
ചാലപ്പുറം പുതുക്കുടി വീട്ടിൽ അറുപതുകാരി ചന്ദ്രമതിയുടെ കണ്ണിൽ നിന്നുറ്റിവീണ കണ്ണീരിന‌് പകരം നൽകാനൊന്നുമാകില്ല. ടൗൺഹാളിൽ നടന്ന കോഴിക്കോട‌് താലൂക്ക‌് വിവര ശേഖരണ അദാലത്തിൽ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും മുന്നിൽ പൊട്ടിക്കരഞ്ഞ‌് തന്റെ അവസ്ഥ വിവരിച്ചപ്പോൾ പലപ്പോഴും അവർ നിയന്ത്രണം വിട്ടു.  വീടുപണിചെയ‌്ത‌് മിച്ചംവച്ച പൈസകൊണ്ട‌് കെട്ടിയുയർത്തിയ കൂരയും പ്രളയമെടുത്തെന്നു പറയാൻ അവർക്ക‌് വാക്കുകൾ കിട്ടിയില്ല.
അസുഖ ബാധിതനായ സഹോദരനെയും കൂട്ടി എങ്ങോട്ട‌് പോകുമെന്നറിയാതെ തെരുവിലേക്കിറങ്ങിയ അവർക്ക‌് ഒരു നാടാകെ സംരക്ഷണവുമായി എത്തുകയായിരുന്നു.  മന്ത്രിമാരായ ടി പി രാമകൃഷ‌്ണനും എ കെ ശശീന്ദ്രനും അടക്കമുള്ളവർ അവരുടെ പരാതികൾ അനുഭാവപൂർവം കേട്ടു.  
നിരവധി പേരാണ‌് താലൂക്ക‌് അദാലത്തിൽ പങ്കെടുക്കാനെത്തിയത‌്. മഴക്കെടുതിയിൽ വെള്ളം പൊങ്ങി ദുരിതത്തിലായ സിദ്ദിഖുൽ അക‌്ബറും കുടുംബവുമെത്തിയത‌് നഷ്ടപ്പെട്ടുപോയ റേഷൻകാർഡ‌് കിട്ടാനായിരുന്നു‌.
ചെറുവണ്ണൂരിൽനിന്നുള്ള ആയിഷ എത്തിയതാകട്ടെ സർട്ടിഫിക്കറ്റുകൾക്കും. ഇതുപോലെ നിരവധി കുടുംബങ്ങളാണ‌് പല ആവശ്യങ്ങളുമായി അദാലത്തിനെത്തിയത‌്. 
 ചന്ദ്രമതിയുടെ വീട്ടുപകരണങ്ങളെല്ലാം നഷ്‌ടമായെന്ന്‌ അറിഞ്ഞ്‌ ‘സ്‌നേഹപൂർവം കോഴിക്കോട്‌ പദ്ധതി’യിലുൾപ്പെടുത്തി.  വീട്ടുപകരണങ്ങളും ഭക്ഷണസാധനങ്ങളും ഉടൻ റവന്യൂ ഉദ്യോസ്ഥർ വീട്ടിലെത്തിച്ചു.  ചന്ദ്രമതിക്ക‌്   ആവശ്യമുള്ളതെല്ലാം ലഭ്യമാക്കുമെന്ന്‌ കലക്ടർ യു വി ജോസ്‌  അറിയിച്ചു. എ പ്രദീപ്‌കുമാർ എംഎൽഎ വീടിന്റെ അറ്റുകറ്റപ്പണിക്ക്‌ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
കരഞ്ഞ കണ്ണുകളുമായി അദാലത്തിനെത്തിയ ചന്ദ്രമതി നിറഞ്ഞ മനസ്സുമായി പുഞ്ചിരിയോടെ തിരിച്ചുപോയി. തഹസിൽദാർ സുബ്രഹ്മണ്യനാണ്‌ ഭക്ഷണസാധനങ്ങൾ എത്തിക്കാൻ അടിയന്തര നടപടിക്ക്‌ നേതൃത്വം നൽകിയത്‌.
പ്രധാന വാർത്തകൾ
Top