24 September Monday

പ്രതിരോധമാണ്‌ പരിഹാരം മന്ത്രിമാരും ജനപ്രതിനിധികളും പ്രതിരോധ ഗുളിക കഴിച്ചു

സ്വന്തം ലേഖികUpdated: Sunday Sep 2, 2018

 

 
കോഴിക്കോട‌് 
എലിപ്പനിക്കെതിരെ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി മന്ത്രിമാരും ജനപ്രതിനിധികളും പ്രതിരോധ മരുന്ന‌് കഴിച്ചു. പ്രതിരോധമാണ‌് പരിഹാരം എന്ന ആശയം മുൻനിർത്തിയാണ‌് മന്ത്രിമാരുൾപ്പെടെ ഗുളിക കഴിച്ചത‌്. 
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ എലിപ്പനി മരണം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഇതേ തുടർന്ന‌് ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതിന്റെ ഭാഗമായാണ‌് മരുന്ന‌് വിതരണം. മന്ത്രിമാരായ ടി പി രാമകൃഷ്‌ണൻ, എ കെ ശശീന്ദ്രൻ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിച്ച്‌ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. പ്രളയ ദുരിതബാധിതർക്ക‌് നഷ്‌ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടുന്നതിന്‌ നടത്തിയ വിവരശേഖണ അദാലത്തിനിടെയായിരുന്നു മരുന്ന‌് കഴിക്കൽ.
മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎൽഎമാരായ എ പ്രദീപ്‌കമാർ, വി കെ സി മമ്മദ്‌കോയ, എം കെ മുനീർ, കലക്‌ടർ യു വി ജോസ്‌, സബ്‌ കലക്ടർ വി വിഘ്‌നേശ്വരി, സബ്‌ ജഡ്‌ജി എം പി ജയരാജ്‌ എന്നിവരും പ്രതിരോധ ഗുളികകൾ കഴിച്ചു.
പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനിക്ക‌് സാധ്യതകളുള്ള എല്ലാവരും പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.  
അദാലത്തിലെത്തിയ അപേക്ഷകർക്ക‌് ഡോക്‌സി കോർണർ ഒരുക്കിയിരുന്നു. ഡോക്‌ടർമാരും ആരോഗ്യ പ്രവർത്തകരും നേഴ്‌സുമാരും 
ഗുളിക വിതരണംചെയ്‌തു. ഡിഎംഒ ഡോ. വി ജയശ്രീ, ദേശീയാരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ, കോർപറേഷൻ ഹെൽത്ത്‌ ഓഫീസർ ഡോ. ആർ എസ്‌ ഗോപകുമാർ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top