19 October Friday

പോര്‍നിലങ്ങള്‍ക്ക് പുളകമായ്...

പി കെ സജിത്Updated: Tuesday Jan 2, 2018


കൊയിലാണ്ടി > സമരഗാഥകളുടെ മണ്ണ് ജില്ലാസമ്മേളനത്തെ വരവേല്‍ക്കാന്‍ ചെമ്പട്ടണിഞ്ഞു. ജാതിമേധാവിത്വം അടിച്ചേല്‍പ്പിച്ച അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ കലഹിച്ച മണ്ണില്‍ നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐ എം ജില്ലാസമ്മേളനത്തിന് വീണ്ടും ആതിഥ്യമരുളുന്നത്. സമ്മേളനം ചരിത്രമാക്കുന്നതിനായി കൊയിലാണ്ടിയുടെ  മണ്ണും മനസ്സും ചുവന്നു. രക്തസാക്ഷിത്വങ്ങളുടെയും ത്യാഗങ്ങളുടെയും നാള്‍വഴികള്‍ താണ്ടിയ മഹാപ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ് കൊയിലാണ്ടിയിലെ ഒരുക്കങ്ങള്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച്് അധഃസ്ഥിതരുടെ പടയൊരുക്കിയ മണ്ണ് ഇന്ന് തൊഴിലാളിവര്‍ഗത്തിന്റെ കരുത്തുറ്റ ഭൂമികയാണ്.
കൊയിലാണ്ടിയിലെ നാട്ടിടവഴികള്‍ക്കുപോലും ഇപ്പോള്‍ ചുവപ്പാണ്. കൊടിതോരണങ്ങളാല്‍ എങ്ങും അലംകൃതം. മുക്കിലും മൂലയിലും നേതാക്കളുടെ ഛായാപടങ്ങള്‍. സുന്ദരമായ സംഘാടകസമിതി ഓഫീസുകള്‍, നാടുണര്‍ത്തുന്ന വിവിധ പരിപാടികള്‍...കലാവിരുതും കൌതുകവും സമന്വയിപ്പിക്കുന്ന പ്രചാരണോപാധികള്‍ അത്യാകര്‍ഷകം. പ്രതിനിധി സമ്മേളന നഗരിയും പൊതുസമ്മേളന നഗരിയും ചുവപ്പില്‍ മുങ്ങി. 
വടകരയില്‍നിന്ന് കൊയിലാണ്ടിയിലെത്തുമ്പോള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ അഭിമാനകരമായ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ടിക്കായി. കഴിഞ്ഞ സമ്മേളന കാലയളവില്‍ 31,811 അംഗങ്ങളായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്. ഇപ്പോള്‍ 7456 അംഗങ്ങള്‍ വര്‍ധിച്ച് 39,267 ആയി. 2622 ബ്രാഞ്ചുകള്‍ 3143 ആയും 174 ലോക്കല്‍ കമ്മിറ്റികള്‍ 202 ആയും ഉയര്‍ന്നു. സമ്മേളനകാലയളവില്‍ മറ്റു രാഷ്ടീയപാര്‍ടികളില്‍നിന്നും അനവധിപേര്‍ രാജിവച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. ഒരുമാസം മുമ്പുവരെ മറ്റുപാര്‍ടികളില്‍നിന്നും രാജിവച്ച് 7760 പേര്‍ സിപിഐ എമ്മിന്റെ ഭാഗമായി.
സിപിഐ എമ്മിന്റെ അഭൂതപൂര്‍മായ വളര്‍ച്ചയില്‍ വിറളിപൂണ്ട വലതുപക്ഷ-ഫാസിസ്റ്റ് ശക്തികള്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സംഘടിത പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി പാര്‍ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുത്ത് ജയിലിലടച്ച് പാര്‍ടിയുടെയും സമ്മേളനത്തിന്റെയും ശോഭ കെടുത്താനുകുമോ എന്ന പരീക്ഷണത്തിലാണ്്. എന്നാല്‍ അതിജീവനത്തിന്റെയും സഹനത്തിന്റെ കനല്‍വഴികള്‍ താണ്ടിയ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുമെന്നതിന്റെ പ്രഖ്യാപനമായി സമ്മേളനം മാറും.
സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയിലും സമീപപ്രദേശങ്ങളിലും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, ചരിത്രപ്രദര്‍ശനം, പുസ്തകോത്സവം, കുടുംബസംഗമം, വിദ്യാര്‍ഥി-യുവജനസംഗമം, കര്‍ഷക-കര്‍ഷകതൊഴിലാളി കൂട്ടായ്മ, പ്രവാസി സംഗമം, ചലച്ചിത്രപദര്‍ശനം, വിവിധ കലാപരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി ബി അംഗം എം എ ബേബി തുടങ്ങി രാഷ്ടീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. മാസങ്ങളായി സമ്മേളന വിജയത്തിനായി കൈമെയ് മറന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് നേതാക്കളും പ്രവര്‍ത്തകരും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top