23 September Sunday

പെടക്കണ മീനില്ല; പെടക്കണത് ഇവരുടെ ജീവിതം

സ്വന്തം ലേഖകൻUpdated: Sunday Jul 1, 2018
 
വടകര
വടകരയിലെ മത്സ്യ മാർക്കറ്റിൽ കച്ചവടവും തിരക്കും ഗണ്യമായി കുറഞ്ഞു. മീനിൽ ഫോർമാലിനടക്കമുള്ള രാസ വസ്തുക്കൾ കലർത്തി വിൽപ്പനക്കെത്തുന്ന പാശ്ചാത്തലത്തിൽ വടകര മാർക്കറ്റിലെ മത്സ്യവിൽപന നാലിലൊന്നായി കുറഞ്ഞതായി മത്സ്യ വ്യാപാരികൾ പറഞ്ഞു. ആന്ധ്ര, തമിഴ്നാട്, മംഗലുരു എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ വരവ് നിലച്ചതായും തൊഴിലാളികൾ പറയുന്നു. മാർക്കറ്റിൽ ഇപ്പോൾ പൂർണ്ണമായും ചോമ്പാലാ, കൊയിലാണ്ടി ഹാർബറുകളിൽ നിന്നും വടകര ഭാഗങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങളും മാത്രമാണ് വിൽപനക്കെത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. 
മാർക്കറ്റിൽ ചെറുമത്സ്യങ്ങളായ നത്തോലി, മത്തി, അയല എന്നിവയ്ക്കാണ് കാര്യമായ ഡിമാന്റുള്ളത്. വലിയ മത്സ്യങ്ങളായ അയക്കൂറ, സ്രാവ്, തെരണ്ടി, ചെമ്പല്ലി തുടങ്ങിയവയുടെ വിൽപന പേരിന് മാത്രമായി. ഹോട്ടലുകളിൽ  വലിയ മീനുകൾ പൊരിച്ചതിന്് പ്രിയം കുറഞ്ഞതായും ഹോട്ടലുടമകളും പറഞ്ഞു. മത്സ്യ മേഖലയിൽ പണിയെടുക്കുന്ന ആയിരങ്ങൾക്കാണ് മത്സ്യങ്ങളിൽ മായം കലർത്തിയതുമായ ബന്ധപ്പെട്ട വിവാദം ദുരിതമായത്.  
പ്രധാന ഹാർബറുകളിലെല്ലാം മത്സ്യ ബന്ധനവും വിപണനവും നന്നായി കുറഞ്ഞു. ട്രോളിങ്ങ് നിരോധന കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും യഥേഷ്ടം മത്സ്യത്തിന്റെ വരവുണ്ടായിരുന്നു. ഇത്തരം മത്സ്യങ്ങളിൽ അമോണിയ ഉൾപ്പെടെയുള്ള രാസ പദാർഥങ്ങൾ വിതറുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മേഖല പ്രതിസന്ധിയിലായത്.മായം ചേർത്ത മീനുകൾ പിടിച്ചെടുത്തതോടെയാണ് മത്സ്യ പ്രേമികളെ ആശങ്കയിലാഴ്ത്തിയത്. സമീപ പ്രദേശങ്ങളിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾക്ക് പോലും നാട്ടുകാർ അയിത്തം കൽപിക്കുകയാണെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. പരമ്പരാഗത മത്സ്യ മേഖലയിൽ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾ പട്ടണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ.് കൃത്യമായ പരിശോധന നടത്തി മായം കലർത്താത്ത മത്സ്യങ്ങൾ വിറ്റഴിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് മത്സ്യ തൊഴിലാളുകളുടെ ആവശ്യം.
 
പ്രധാന വാർത്തകൾ
Top