13 November Tuesday

പ്രളയ ദുരിതമൊഴിയുന്നില്ല ; തലയോലപ്പറമ്പിൽ വീടുകൾ തകരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

കനത്തമഴയിൽ മരം കടപുഴകി വീണ് തകർന്ന നടുവീട്ടിൽ ജയസേനന്റെ വീട്

 തലയോലപ്പറമ്പ്

മഹാപ്രളയത്തിന്റെ ദുരിതത്തിൽനിന്ന് കരകയറാൻ പ്രയാസപ്പെടുകയാണ് തലയോലപ്പറമ്പിലെ ജനത. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ നിന്ന‌് ക്യാമ്പുകളിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും മാറിയവർ തിരികെ വീടുകളിൽ എത്തുമ്പോൾ കാത്തിരിക്കുന്നത‌് കരൾപിളർക്കുന്ന കാഴ‌്ചകൾ. വീടുകൾ പലതും വാസയോഗ്യമല്ലാത്ത രീതിയിൽ ഇടിഞ്ഞ് തകർന്ന‌് കേടുപാട‌് പറ്റിയ നിലയിലാണ്. 
    തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലായി 17 ഓളം വീടുകൾ വാസയോഗ്യമല്ലാത്ത രീതിയിൽ പൂർണമായും ഇടിഞ്ഞു. മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്ന് 20 ഓളം വീടുകളിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവരെ വീടുകളിൽനിന്ന് മാറ്റി താമസിപ്പിച്ചു. മുവാറ്റുപുഴയാറിന്റെ തീരം കെട്ടി സംരക്ഷിച്ചിട്ടല്ലാതെ ഇവർക്ക് വാസം സാധ്യമല്ല. 1500ൽ അധികം വീടുകൾ വിവിധ പ്രദേശങ്ങളിലായി കേടുപാടുകൾവന്നു. വീടുകളിൽ വെള്ളംകയറി ദിവസങ്ങളോളം കിടന്നതിനാൽ അടിത്തറയ്ക്കും ഭിത്തിക്കുമടക്കം ബലക്ഷയം സംഭവിച്ച വീടുകളാണ് പൂർണമായും തകർന്നത്.
വാസയോഗ്യമായ വീടുകൾ തന്നെ ചെളിനിറഞ്ഞ അവസ്ഥയായിരുന്നു.  പലവീടുകളുടെയും കതകുകൾ അടയ‌്ക്കാനാകാത്ത സ്ഥിതി. മോട്ടോർ, മിക്സി, ഫ്രിഡ്ജ്, വാഷിങ‌് മെഷീൻ, ടിവി അടക്കമുള്ള വീട്ടുപകരണങ്ങൾ കേടായി. തലയോലപ്പറമ്പ് പഞ്ചായത്തിൽ അഞ്ച‌് വീടുകൾ പൂർണമായും 100 വീടുകൾ ഭാഗികമായും തകർന്നു. ചെമ്പ് പഞ്ചായത്തിൽ മൂന്നുവീടുകൾ പൂർണമായും 425 വീടുകൾ ഭാഗികമായും തകർന്നു. മറവൻതുരുത്ത് പഞ്ചായത്തിൽ നാല‌് വീടുകൾ പൂർണമായും 1000 വീടുകൾ ഭാഗികമായും തകർന്നു. വെള്ളൂരിൽ അഞ്ച‌് വീടുകൾ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നു.
വടയാർ പ്രദേശത്തെ പല വീടുകളും വെള്ളമിറങ്ങിയിട്ടില്ല.  മൂവാറ്റുപുഴയാറിന്റെ തീരം കരിങ്കല്ലുകെട്ടി അപകടാവസ്ഥയിൽ തുടരുന്ന വീടുകൾ താമസയോഗ്യമാക്കണമെന്ന‌് നാട്ടുകാർ ആവശ്യപ്പട്ടു. ആറ്റുതീരം ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിക്കേണ്ടിവന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യമുയർന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top