Top
24
Saturday, February 2018
About UsE-Paper

സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍: കെ കെ ശൈലജ

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

 

 
കോട്ടയം > ഇടത് സര്‍ക്കാരുകള്‍ നടപ്പാക്കിയ അധികാര വികേന്ദ്രീകരണംവഴി കേരളത്തില്‍ സ്ത്രീകള്‍ക്ക് ഭരണപങ്കാളിത്തം ഉറപ്പാക്കാനായെന്ന് മന്ത്രിയും സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവുമായ കെ കെ ശൈലജ പറഞ്ഞു.  സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി  രണ്ടു വര്‍ഷം തികയും മുമ്പ് വനിതാ-ശിശുക്ഷേമ വകുപ്പിന് രൂപംനല്‍കാന്‍ കഴിഞ്ഞത്  അഭിമാനകരമാണന്നും മന്ത്രി പറഞ്ഞു. 
കുടുംബശ്രീ, അയല്‍ക്കൂട്ടം, ഗ്രാമസഭ തുടങ്ങിയവ സ്ത്രീകളുടെ സാമൂഹ്യ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്. അതേസമയം ഗാര്‍ഹിക പീഡനം ഇപ്പോഴും കേരളത്തിലുണ്ട്. സാമ്പത്തിക-ജാതി പിന്നോക്കാവസ്ഥ നേരിടുന്ന സ്ത്രീകള്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നു.  എന്നാല്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്യ്രമുണ്ട്. സ്ത്രീകള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പീഡനങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ മഹിളാ അസോസിയേഷന്‍ അടക്കമുള്ള വനിതാസംഘടനകള്‍ക്ക്  ഉത്തരവാദിത്വമുണ്ട്.  
 
സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതിയിന്‍ കീഴിലുള്ള 175 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ 65 എണ്ണം തുറന്നു. സ്ത്രീകള്‍ക്ക് മുന്തിയ പരിഗണനയാണ് ഇവിടെ കിട്ടുന്നത്. വിഷാദരോഗികള്‍ക്കും സ്തനാര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും ഈ കേന്ദ്രങ്ങളില്‍ ഫലപ്രദമായ ചികിത്സയും പരിശോധനയും സമാശ്വാസവും കിട്ടുമെന്നുറപ്പുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പോലുള്ള ഉന്നത ചികിത്സാകേന്ദ്രങ്ങളെ സെന്റര്‍ ഓഫ് എക്സലന്‍സ് ആക്കാനാണ് ആലോചിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന് രാഷ്ട്രപതി നല്‍കിയ അവാര്‍ഡ് കേരളത്തിനുള്ള അംഗീകാരമാണെന്നും ശൈലജ പറഞ്ഞു.