21 September Friday
1.99 കോടി രൂപയുടെ നഷ്ടം

തകർന്നടിഞ്ഞ‌് കുമരകം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കുമരകം
പ്രളയത്തിന്റെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞ‌് കുമരകം. വിവിധ വകുപ്പുകളുടെ പ്രാഥമിക കണക്കെടുപ്പിൽ കുമരകത്ത് 1.99 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉദ്യോഗസ്ഥർ വിലയിരുത്തി. കണക്കെടുപ്പുകൾ പൂർത്തിയായിട്ടില്ല. വകുപ്പ്തല കണക്കെടുപ്പിന് പുറമെ പഞ്ചായത്തും നഷ്ടങ്ങൾ തിട്ടപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 
വിതച്ച വിത്തുകൾ മുതൽ കതിർനിറഞ്ഞ നെൽച്ചെടികൾ വരെ പ്രളയത്തിൽ നശിച്ചു. പടിഞ്ഞാറൻ  മേഖലകളായ തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ ആയിരക്കണക്കിന്  ഹെക്ടർ പാടശേഖരങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. കുമരകത്ത് ആദ്യ കണക്ക് പ്രകാരം 296 ഹെക്ടർ പാടശേഖരത്തെ നെൽകൃഷിയും പത്ത് ഹെക്ടർ കരകൃഷിയും നശിച്ചതായും നെൽകൃഷിയിൽ 1.75 കോടി രൂപയും വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങിയ കരകൃഷിയിൽ 13.5 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നതായി കൃഷി ഓഫീസർ റെജിമോൾ പറഞ്ഞു. 
 കർഷകരിൽ ഭൂരിഭാഗവും വായ്പ എടുത്തും, പലിശക്ക് പണം വാങ്ങിയും കൃഷി ഇറക്കിയവരാണ്. നിലവിൽ വായ്പ തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. ആദ്യ വെള്ളപ്പൊക്കത്തിൽ പിടിച്ചുനിന്ന അയ്മനം പഞ്ചായത്തിലെ വട്ടക്കായൽ, മാലിക്കായൽ, തോട്ടുപുറം, ആർപ്പൂക്കര പഞ്ചായത്തിലെ അകത്തേക്കരി, പള്ളിക്കരി, തുരുത്തുമാലി, അന്തോണിക്കായൽ, കുമരകത്തെ പടിഞ്ഞാറേ പള്ളിക്കായൽ, കുറിയമട, സെന്റ് ജോസഫ് കായൽ എന്നീ പാടശേഖരങ്ങളും രണ്ടാമതുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി.  പടിഞ്ഞാറൻ പ്രദേശങ്ങളിലെ എല്ലാ മോട്ടോർ തറകളും  വെള്ളപ്പൊക്കത്തിൽ തകരുകയും, മോട്ടറിനുള്ളിൽ വെള്ളം കയറി നശിക്കുകയും ചെയ്തു. ഈ മോട്ടോറുകൾ നന്നാക്കിയാൽ മാത്രമേ പാടശേഖരങ്ങളിലെ പമ്പിങ്ങ് പുനരാരംഭിച്ച് വെള്ളം വറ്റിക്കാനാവൂ. മത്സ്യകൃഷി മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങൾ അപ്പർ കുട്ടനാട്ടിലെ എല്ലാ ഫിഷ്ഫാമുകളിൽ നിന്നും നിരവധി മീനുകൾ ചാടിപോയി. ഉപജീവനത്തിനായി ലോണെടുത്ത് മത്സ്യകൃഷി നടത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും.
 
പ്രധാന വാർത്തകൾ
Top