23 October Tuesday

നെല്ലില്‍ ജലാംശമെന്ന പേരില്‍ കൂടിയ കിഴിവ്: മില്ലുകാരുടെ കൊള്ള അവസാനിപ്പിക്കണം-കര്‍ഷകസംഘം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

 കോട്ടയം >  സപ്ളൈക്കോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

 സംഭരണത്തിന്റെ മറവില്‍ കര്‍ഷകരെ കൊള്ളയടിക്കുന്നത് അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. വിരിപ്പുകൃഷിയുടെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലാണ് ചില മില്ലുകാര്‍ വന്‍തോതില്‍ കിഴിവ് ആവശ്യപ്പെടുന്നത്.  ഒരു ക്വിന്റല്‍ നെല്ലില്‍ 17ശതമാനം വരെയാണ് അനുവദനീയമായ ജലാംശം. ആയിരം നെല്‍മണി തൂക്കിയാല്‍ 26 ഗ്രാം നെല്ലുണ്ടാകണമെന്നാണ് മില്ലുകാരുടെ വാദം. ഇത് 25 ഗ്രാമാണെങ്കില്‍ പോലും നാല് കിലോ നെല്ല് തൂക്കത്തില്‍ കുറയ്ക്കുന്നു.  ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് 68 കിലോഗ്രാം അരിവേണമെന്നായിരുന്നു സപ്ളൈക്കോയും മില്ലുകാരും തമ്മിലുണ്ടായിരുന്ന ധാരണ. മില്ലുകാരുടെ സമ്മര്‍ദ്ദത്തില്‍ ഇത് 64 കിലോഗ്രാമായി സര്‍ക്കാര്‍ കുറച്ചു. മില്ലുകാര്‍ക്ക് ഈ തരത്തില്‍ ഗുണമുണ്ടായിട്ടും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ശരിയല്ല. 
അയ്മനത്ത് നെല്ലെടുക്കുന്ന ചില മില്ലുകാര്‍ 17 ശതമാനം ജലാംശം കുറവായിട്ടും കിഴിവ് ആവശ്യപ്പെടുന്നു. ഇത് കര്‍ഷകര്‍ അനുവദിക്കാത്തതിനാല്‍ നെല്ല് എടുക്കാതെ മില്ലുകാര്‍ ദ്രോഹിക്കുന്നു. ചീപ്പുങ്കല്‍ കോലടിച്ചിറ-കൂരിച്ചാല്‍ പാടശേഖരത്തില്‍ നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. ഇവിടെ ജലാംശം കുറഞ്ഞ നെല്ലായിട്ടും ക്വിന്റലില്‍ നിന്ന് 13 കിലോഗ്രാം കിഴിവ് ആവശ്യപ്പെട്ടു. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. രണ്ടേക്കര്‍ കൃഷിയുള്ള ഒരു കര്‍ഷകനില്‍ നിന്ന് ഏകദേശം അഞ്ച് ക്വിന്റലിലേറെ നെല്ലാണ് ഇങ്ങനെ മില്ലുകാര്‍ കൊള്ളയടിക്കുന്നത്. 
 
സര്‍ക്കാര്‍ പ്രഖ്യാപിച്ച തരത്തില്‍ ആലപ്പുഴയിലും മറ്റും നെല്ല് സംഭരിക്കുമ്പോഴാണ് കോട്ടയത്ത് ചുമതലപ്പെടുത്തിയ ചില മില്ലുകള്‍ പ്രശ്നം സൃഷ്ടിക്കുന്നത്. ജലാംശം കുറഞ്ഞ നെല്ല് കൊയ്തവരും പരമാവധി നാല് കിലോവരെ നല്‍കാന്‍ തയ്യാറാകുന്നുണ്ട്. എങ്ങനെയെങ്കിലും നെല്ല് കയറിപ്പോകട്ടെയെന്ന് കരുതിയാണ് കര്‍ഷകര്‍ ഈ നിലപാട് സ്വീകരിക്കുന്നത്. നെല്ല് കളത്തില്‍ കിടക്കുന്തോറും മഴ പെയ്താല്‍ ജലാംശം കൂടും. ഇങ്ങനെ സംഭവിച്ചാല്‍ കനത്ത നഷ്ടമാണ് സംഭവിക്കുക. ആറ് മാസത്തിലേറെ പാടത്തിറങ്ങിയാണ് കര്‍ഷകര്‍  നെല്ല് ഉല്‍പ്പാദിപ്പിക്കുന്നത്. കര്‍ഷകരെ സഹായിക്കുന്നതില്‍ മുന്തിയ പരിഗണനയാണ് ഇടതുപക്ഷസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ നയത്തെ തകര്‍ത്തും  സര്‍ക്കാരിനെ  കര്‍ഷകരുടെ ശത്രുക്കളാക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് ഇതിനുപിന്നില്‍. 
   കഴിഞ്ഞവര്‍ഷം 22.50 രൂപ നിരക്കില്‍ സംഭരിച്ച നെല്ലിന് ഇത്തവണ 23.30 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കര്‍ഷകരെ സഹായിക്കാനാണ്. ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് കര്‍ഷകസംഘം രംഗത്തിറങ്ങുമെന്നും ജില്ലാപ്രസിഡന്റ് അയ്മനം ബാബുവും സെക്രട്ടറി കെ എം രാധാകൃഷ്ണനും അറിയിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top