24 September Monday

ആശ്വാസം പകർന്ന് പ്രവർത്തകർ; പൊലിമ ചോരാതെ അവർ ഓണമുണ്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

പാത്താമുട്ടം എൽപി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഓണക്കോടി വിതരണം ചെയ്യുന്നു

പുതുപ്പള്ളി
പ്രളയദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സമൃദ്ധിയുടെ ഓണം ഒരുക്കാൻ ദുരിതാശ്വാസപ്രവർത്തകരെത്തി. വീടുകളിൽനിന്നും ക്യാമ്പുകളിലേക്ക് എത്തിയ ഓണാഘോഷത്തിന് പൊലിമയൊട്ടും ചോർന്നില്ല. ആഘോഷങ്ങൾക്ക‌് പ്രവർത്തകർ നേതൃത്വംനൽകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുങ്ങിയതോടെ കോട്ടയം മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ വേദന മറന്നു. 
പനച്ചിക്കാട,് നാട്ടകം പഞ്ചായത്തുകളിലെ ക്യാമ്പുകളിലടക്കം പായസംകൂട്ടിയുള്ള ഓണസദ്യയാണ് ഒരുക്കിയിരുന്നത്. പല ക്യാമ്പുകളിലും അമ്മമാർക്ക് ഓണക്കോടിയും വിതരണംചെയ്തു. കുട്ടികളുടെ കലാപരിപാടിയും ഒരുക്കിയിരുന്നു. രാവിലെതന്നെ ക്യാമ്പിന് മുൻവശത്ത് കുട്ടികൾ പൂക്കളമിട്ടു. പള്ളം സിഎംഎസ് ഹൈസ്കൂളിൽ നടന്ന ഓണസദ്യയിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ പങ്കെടുത്തു. 
"വീട്ടിലിരുന്ന് ഓണസദ്യ കഴിക്കാനാവാത്തതിന്റെ സങ്കടം ഇപ്പോൾ മാറി'' കുട്ടനാട്ടിൽ നിന്നുള്ള അമ്മയുടെ പ്രതികരണമിങ്ങനെ. തിരുവോണദിവസം രാവിലെമുതൽ പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ച വി എൻ വാസവൻ, പ്രവർത്തകർ സമാഹരിച്ച ഓണപ്പുടവകളും വിതരണംചെയ്തു. പനച്ചിക്കാട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി കെ മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ ആർ സുനിൽകുമാർ, സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എം ബാബു എന്നിവരും ഉണ്ടായിരുന്നു. 
കുട്ടനാടൻ മേഖലയിൽ നിന്നുള്ളവരാണ് നാട്ടകം, പനച്ചിക്കാട് പഞ്ചായത്തുകളിലെ ക്യാമ്പുകളിലുള്ളത്. ഇവരുടെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയെങ്കിലും വൈദ്യുതിയും കുടിവെള്ളവും ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് വീടുകളിലേക്ക് മടങ്ങുന്നതിന് തടസ്സമായി നിൽക്കുന്നത്.
പ്രധാന വാർത്തകൾ
Top