23 July Monday

ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസും കോണ്‍ഗ്രസും കൂട്ടുചേരുന്നു: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

 തലയോലപ്പറമ്പ് > കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസിനൊപ്പം കോണ്‍ഗ്രസും കൂട്ടുചേരുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. സ. വടയാര്‍ തങ്കപ്പന്റെ 46-ാമത് രക്തസാക്ഷി ദിനാചരണം വടയാര്‍ ഇളങ്കാവില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയത്തെ തകര്‍ക്കാന്‍ എല്ലാ മതവര്‍ഗീയ ശക്തികളും ഒന്നിക്കുന്ന കാഴ്ചയാണ് സമീപകാല കേരളം കാണുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന പുരോഗമനപരമായ കാര്യങ്ങള്‍ യുഡിഎഫിന്റെയും ബിജെപിയുടെയും അടിത്തറ ഇളക്കുമെന്നതാണ് ഇരുകൂട്ടരേയും ഒരുപോലെ കേരള സര്‍ക്കാരിനെതിരെയും ഇടതുപക്ഷത്തിനെതിരെയും തിരിയാന്‍ പ്രേരിപ്പിക്കുന്നത്. പട്ടികജാതിക്കാരനെയും പിന്നോക്കക്കാരനെയും അമ്പലത്തില്‍ പൂജ ചെയ്യാന്‍ അനുവാദംനല്‍കിയ പിണറായി സര്‍ക്കാര്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും വിപ്ളവകരമായ മാറ്റങ്ങളാണ്. 

രാജ്യത്ത് ഇന്ന് അധികാരത്തിലിരിക്കുന്നത് അപരിഷ്കൃതവിഭാഗമാണ്. രണ്ട് കാലുള്ള മനുഷ്യനേക്കാള്‍ പ്രാധാന്യം നാല് കാലുള്ള മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭരണാധികാരികളാണിവര്‍. കേരളത്തില്‍ കലാപംവിതക്കാനുള്ള ആര്‍എസ്എസ് നീക്കം എന്തുവില കൊടുത്തും ചെറുക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ബലാത്സംഗ കേസുകളില്‍ പ്രതികളായവരെ സംരക്ഷിക്കുന്ന ചെന്നിത്തലയുടെ ജാഥ വരുന്ന ഇടങ്ങളില്‍നിന്ന് സ്ത്രീകള്‍ ഓടിയോളിക്കുകയാണ്. ചെന്നിത്തല ജാഥ നയിക്കേണ്ടത് കോണ്‍ഗ്രസിനുള്ളിലെ ജീര്‍ണതയ്ക്കെതിരെയാണ്. അല്ലാതെ കേരളത്തിലെ സര്‍ക്കാരിനെതിരെയല്ല. കേരളത്തിലെ എല്ലാ കാര്യങ്ങളിലും ഐഎഎസുകാര്‍ തന്നിഷ്ടം പോലെ തീരുമാനമെടുക്കേണ്ടെന്നും അതിന് ശേഷിയുള്ള സര്‍ക്കാര്‍ ഇവിടുണ്ടെന്നും അതോര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കെ ശെല്‍വരാജ് അധ്യക്ഷനായി.    
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top