23 September Sunday
പുനരധിവാസത്തിനും ശുചീകരണത്തിനും സിപിഐ എം

നാട്‌ ശുചിയാക്കി 5000 വളണ്ടിയർമാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

സിപിഐ എമമിന്റെ നേതൃത്വത്തിൽ അയ്മനത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പങ്കെടുത്തപ്പോൾ

 കോട്ടയം 

പ്രളയബാധിതരുടെ വീടുകൾ ശുചീകരിച്ച‌് സിപിഐ എം. ജില്ലയിൽ വിവിധ ഏരിയകളിലായി 5000 വളണ്ടിയർമാരാണ് വീടും നാടും ശുചീകരിക്കാനായി മുന്നിട്ടിറങ്ങിയത്. ഇതിനായി പ്രത്യേക വളണ്ടിയർസേന രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഓരോ വീടുകളും ശുചീകരിച്ച് കുടുംബങ്ങളുടെ പുനരധിവാസമാണ‌് ലക്ഷ്യം. സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ശുചീകരണം. 
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കോമ്പൗണ്ടിൽ വ്യാഴാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വർഗീസ്, എം കെ പ്രഭാകരൻ, അഡ്വ. റെജി സഖറിയ, കോട്ടയം ഏരിയാ സെക്രട്ടറി ബി ശശികുമാർ, പുതുപ്പള്ളി എരിയാ സെക്രട്ടറി സുബാഷ് പി വർഗീസ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി എൻ സത്യനേശൻ, അഭയം സെക്രട്ടറി എബ്രഹാം തോമസ് തുടങ്ങി ആയിരങ്ങൾ ഒപ്പം ചേർന്നു. 
അയ്മനത്ത് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അയ്മനം ബാബു, അഡ്വ. വി ജയപ്രകാശ്, ഏറ്റുമാനൂർ ഏരിയാ സെക്രട്ടറി കെ എൻ വേണുഗോപാൽ തുടങ്ങിയവരും മുന്നിട്ടിറങ്ങി. ആരോഗ്യ പ്രവർത്തകർ, എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തി. വീടുകളുടെ ബലക്ഷയം പരിഹരിക്കുക, ശുചീകരണം, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ, വൈദ്യുതി പാചകവാതക കണക്ഷന്റെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കൽ എന്നിവയെല്ലാംനിർവഹിക്കുന്നുണ്ട്. കിണറുകളിലെ ക്ലോറിനേഷനും നടത്തി. ശുചീകരണത്തിനുശേഷം ബ്ലീച്ചിങ്‌ പൗഡറും വിതറി. 
വളണ്ടിയർമാർക്ക് മൗത്ത് മാസ്ക്ക്, കൈയുറ, സേഫ്റ്റി ഷൂ, മാലിന്യ നിർമാർജന സാമഗ്രികൾ എന്നിയടങ്ങുന്ന സുരക്ഷാ കിറ്റുകളും ലഭ്യമാക്കിയിരുന്നു. വീടുകളിൽ പലവ്യഞ്ജനങ്ങളും കുടിവെള്ളവും മരുന്നും അടക്കമുള്ള അവശ്യസാധന കിറ്റുകളും എത്തിച്ചു നൽകി. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകകളുടെയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
 
 
പ്രധാന വാർത്തകൾ
Top