16 November Friday

കേരളബാങ്ക‌് വാണിജ്യ ബാങ്കുകളുടെ ജനദ്രോഹത്തിനുള്ള മറുപടി: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018
 
വാഴൂർ
അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുപോലും ഉപഭോക്താക്കളിൽനിന്ന് സർവീസ് ചാർജും ടാക്സും ഈടാക്കുന്ന ദേശസാൽകൃത‐പുതുതലമുറ ബാങ്കുകളുടെ ജനദ്രോഹ നടപടികൾക്കുള്ള മറുപടിയാണ് കേരള ബാങ്കെന്ന‌് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനവും പുതുതായി ആരംഭിച്ച നീതി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും  നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
ഗ്രാമീണ ബാങ്കിങ് മേഖലയുടെ ശക്തിവർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന കേരള ബാങ്കിന്റെ രൂപീകരണം അവസാന ഘട്ടത്തിലാണ‌്. പ്രവാസി മലയാളികൾ കേരളത്തിലേക്കയയ്ക്കുന്ന പണം അവരുടെയും കേരളത്തിന്റെ സമഗ്ര വികസനത്തിനും വിനിയോഗിക്കുന്നതിന് കേരള ബാങ്ക് ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
എൻ ജയരാജ് എംഎൽഎ അധ്യക്ഷനായി. പത്തുമുതൽ 50 ശതമാനംവരെ വിലക്കുറവിൽ മരുന്ന് ലഭ്യമാക്കി ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ മുൻ എംഎൽഎ വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലൻ നായർ, സഹകരണ ജോയിന്റ് രജിസ്ട്രാർ എം ബിനോയ് കുമാർ എന്നിവർ ആദ്യ വിൽപന നിർവഹിച്ചു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്ക്കലാദേവി, ജില്ലാ പഞ്ചായത്തംഗം ശശികലാനായർ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി ഡി കൃഷ്ണനുണ്ണി‌, ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് വിജയകുമാർ, കാനം രാമകൃഷ്ണൻനായർ, വി ജി ലാൽ, മോഹൻ ചേന്നംകുളം എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ബൈജു കെ ചെറിയാൻ സ്വാഗതവും മാനേജിങ് ഡയറക്ടർ റെജി പി കോശി നന്ദിയും പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
Top