24 October Wednesday
രക‌്തസമ്മർദ്ദമുയർന്നു ബിഷപ‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ

ബിഷപ‌് ഫ്രാങ്കോയെ കോട്ടയത്ത‌് എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

ബിഷപ്‌ ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചപ്പോൾ കാണാൻ തടിച്ചുകൂടിയ ജനങ്ങൾ

 കോട്ടയം

കന്യാസ‌്ത്രീയെ ബലാത്സംഗംചെയ‌്ത കേസിൽ തൃപ്പൂണിത്തുറയിൽ അറസ്റ്റിലായ ജലന്ധർ ബിഷപ‌് ഫ്രാങ്കോയെ വെള്ളിയാഴ്ച രാത്രി കോട്ടയത്ത‌് എത്തിച്ചു. രാത്രി 10. 45 ഓടെയാണ‌് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ എത്തിച്ചത‌്. തൃപ്പൂണിത്തുറയിൽ നിന്ന‌് കോട്ടയം പൊലീസ‌് ക്ലബിൽ എത്തിച്ച‌് ചോദ്യംചെയ്യാനായിരുന്നു പൊലീസ‌് തീരുമാനം. എന്നാൽ യാത്രാമധ്യേ രക‌്തസമ്മർദ്ദമുയർന്നതിനെ തുടർന്ന‌് ബിഷപ‌് ഫ്രാങ്കോയെ  കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച‌് പരിശോധന നടത്തുകയായിരുന്നു. കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ച ഫ്രാങ്കോ ആറ‌് മണിക്കൂർ നിരീക്ഷണത്തിലാണ‌്. ഹൃദയാഘാത സാധ്യത അറിയാനായി രണ്ട‌് തവണ ട്രോപൈൻ ടെസ‌്റ്റും നടത്തി. കോട്ടയം മെഡിക്കൽ കോളേജ‌് കാർഡിയോളജി വിഭാഗം തലവൻ ഡോ. ബി എൽ ജയപ്രകാശ‌് നേരിട്ടെത്തി ബിഷപ്പിനെ പരിശോധിച്ചു. തുടർന്നാണ‌് ആറ‌് മണിക്കൂർ നിരീക്ഷണത്തിൽവയ‌്ക്കാൻ തീരുമാനിച്ചത‌്. 
ബിഷപ്പിനെ എത്തിക്കുമെന്നറിഞ്ഞ‌് കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും വൻ ജനാവലി എത്തിയിരുന്നു. മെഡിക്കൽ കോളേജിൽ വിദഗ‌്ധ ഡോക‌്ടർമാരടക്കം എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിരുന്നു. ശനിയാഴ‌്ച പാലാ കോടതിയിൽ ബിഷപ്പിനെ ഹാജരാക്കുന്നത‌് സംബന്ധിച്ച‌് ശനിയാഴ‌്ച രാവിലെ മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്നാണ‌് സൂചന. 
മൂന്നു ദിവസമായി എറണാകുളത്തുള്ള ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറും മറ്റ് അന്വേഷണ സംഘവും ഒപ്പം കോട്ടയത്തെത്തിയിട്ടുണ്ട‌്. അറസ്റ്റുമുതൽ പാലാ കോടതിയിൽ ഹാജരാക്കുന്ന 24 മണിക്കൂർ വരെ പ്രതിയെ കസ്റ്റഡിയിൽവയ്ക്കാം. ഈ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ആരായുകയുമാകാം. ഇതിനായാണ‌് ബിഷപിനെ പൊലീസ‌് ക്ലബിൽ എത്തിക്കാൻ തീരുമാനിച്ചത‌്. പാലാ കോടതിയിൽ ശനിയാഴ്ച് ഹാജരാക്കിയാൽ  മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും.
 ഈ ഘട്ടത്തിൽ കേസിനാവശ്യമായ വൈദ്യപരിശോധനയടക്കം നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്ന് പൊലീസ് കോടതിയെ അറിയിക്കും. പ്രതിയുമായി നേരിട്ടുപോയി ശേഖരിക്കേണ്ട വിവരങ്ങളും ഉണ്ട്. ഈ പശ്ചാത്തലത്തിൽ കസ്റ്റഡി അപേക്ഷ കോടതി അനുവദിച്ചേക്കുമെന്ന് നിയമജ്ഞർ പറഞ്ഞു.
ജലന്ധർ രൂപതാ പിആർഒ  ഫ്രാങ്കോയ്ക്ക് വേണ്ടി കന്യാസ്ത്രീയുടെ സഹോദരനെതിരെ കോട്ടയം ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയിലൂടെയാണ് സാങ്കേതികമായി പൊലീസ് കേസുകൾക്ക് തുടക്കമായത്. ജൂൺ 23 നായിരുന്നു ഈ പരാതി. ഇത് കുറവിലങ്ങാട് പൊലീസിന് കൈമാറി. സഹോദരനടക്കം അഞ്ചു പേരെ പ്രതിയാക്കി കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതിലെ അന്വേഷണവും പുരോഗമിക്കുന്നു. 
ജൂൺ 28 ന് കന്യാസ്ത്രീയുടെ പരാതിയിൽ എഫ്ഐആറും ഇട്ടു. കന്യാസ്ത്രീയുടെ പരാതിവരുമെന്ന് മനസ്സിലാക്കിയാണ് രൂപത ആദ്യം പരാതിയുമായി  രംഗത്തുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രധാന വാർത്തകൾ
Top