22 September Saturday

ദുരിതക്കയത്തില്‍ മുളക്കുളം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 പെരുവ

മുളക്കുളത്ത് മൂവാറ്റുപുഴയാർ കരകവിഞ്ഞ‌് ദിശമാറി ഒഴുകിയത് മുന്നൂറോളം വീടുകളിലൂടെ. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നുമെടുക്കാതെയാണ‌് പലരും വീടുവിട്ട് പോയത്. ഇരുനൂറോളം വീട്ടുകാർ ക്യാമ്പുകളിലും നൂറോളം വീട്ടുകാർ ബന്ധുവീടുകളിലും അഭയം തേടി. മുളക്കുളത്തെ മത്സ്യക്കോളനിയിലെ നൂറോളം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി.  വീട്ടിലുണ്ടായിരുന്ന ഇലക്‌ട്രോണിക് സാധനങ്ങൾ, കിടക്ക, വസ്ത്രം, വിലപ്പെട്ട രേഖകൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവ ഉൾപ്പെടെ കോടിക്കണത്തിന് രൂപയുടെ നഷ്ടമാണ് മുളക്കുളത്ത് മാത്രം ഉണ്ടായിട്ടുള്ളത്. 
വെള്ളം ഇറങ്ങിയപ്പോൾ വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങളാണ് വെല്ലുവിളിയായി നിൽക്കുന്നത്. ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. മാത്രമല്ല വീടുകളിൽ ഒരടിയോളം കട്ടിയിലാണ് ചെളിവന്ന് അടിഞ്ഞിരിക്കുന്നത്. ശുചീകരണം പൂർത്തിയായാലും വീടുകളിലേക്കുള്ള താമസം വൈകും. കുടിവെള്ള പ്രശ്‌നമാണ് ഏറ്റവും പ്രധാനമായി നിൽക്കുന്നത്. ഇവിടുത്തെ കിണറുകളെല്ലാം വെള്ളം കയറി മൂടിയിരുന്നു. കിണറുകളെല്ലാം വെള്ളം പമ്പ് ചെയ്തു വറ്റിച്ചതിന് ശേഷമേ ഉപയോഗിക്കാൻ സാധിക്കൂ. അതേസമയം പുഴയിലെ വെള്ളം താഴ്ന്നാൽ മാത്രമേ കിണറിലെ വെള്ളം പമ്പ് ചെയ്താൽ വറ്റുകയുള്ളു. ഇതിന് ഇനിയും താമസം വരും. മുളക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും നടക്കുന്നുണ്ട്. ബുധനാഴ‌്ച മുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിണറുകൾ വറ്റിച്ച് വൃത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്ന മുഴുവൻ കുടുംബങ്ങളുടേയും വീട് സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തിൽ ശുചീകരിച്ച് നൽകും.
പ്രധാന വാർത്തകൾ
Top