20 September Thursday
ആർപ്പൂക്കരയിൽ 3600 ഏക്കറിൽ കൃഷിനാശം

കരകയറാനാകാതെ കർഷകർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 

 
ആർപ്പൂക്കര
ആർപ്പൂക്കരയിൽ വെള്ളപ്പൊക്കത്തിൽ 3600 ഏക്കറിൽ നെൽകൃഷി നശിച്ചു. കോടിക്കണക്കിന് രൂപ വെള്ളത്തിലായി. 3000 ത്തോളം കർഷകർ ദുരിതത്തിൽ. 45 മുതൽ 60 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ‌് പുറംബണ്ട് കവിഞ്ഞും മടവീണും വെള്ളംകയറി നശിച്ചത്. ഇടത്തരക്കാരും ചെറുകിടക്കാരുമായ കർഷകർക്കാണ‌് വൻ നഷ്ടം സംഭവിച്ചത‌്.
 നെൽകൃഷി കൂടാതെ വാഴ, കപ്പ, പച്ചക്കറികൃഷിയും വെള്ളപ്പൊക്കത്തിൽ നശിച്ചു. സ്വർണം പണയംവച്ചും വായ‌്പയെടുത്തും കൃഷി ചെയ്തവരാണ് ഭൂരിഭാഗവും. സ്വന്തം ഭുമിയിലും പാട്ടത്തിനെടുത്തും കൃഷി ചെയ്ത കർഷകരാണ് ഇവിടെയുള്ളത്.   അടുത്ത കൃഷി ഇറക്കാൻ വിത്ത്പോലും ഇല്ലാത്ത അവസ്ഥയിലാണ്. 
പായ്വെട്ടം കറുകപ്പാടം, കാലാക്കരി, ഐക്കരകരി, തൊള്ളായിരം മംഗലശേരിക്കരി, ആര്യാറ്റുഴം, കൂരത്തറ നടുവിലേത്തറ, കേളക്കരി വാവക്കാട്, കാട്ടുകരി, കല്ലിപ്പടവ്, കന്യാകോൺ, പുത്തൻകരി, പാഴ്വെട്ട് മേക്കരി, കടമുണ്ടാടിക്കരി, തുരുത്ത് വാരിക്കരി, മിഷ്യൻപാടം, വിലങ്ങുചിറപാടം എന്നീ 16 പാടശേഖരങ്ങളാണ് ആർപ്പുക്കര പഞ്ചായത്തിൽ കൃഷിഭവന് കീഴിലുള്ളത്. സർക്കാരിൽ നിന്ന് ധനസഹായം ലഭിച്ചാൽ മാത്രമേ ഇവർക്ക് ഇനി കൃഷിയിറക്കാനാകൂ. നാഷണൽ സീഡ് കോർപറേഷനിൽ നിന്ന് വിത്തും ലഭ്യമാക്കേണ്ടതുണ്ട്. 
മാർച്ച് 30 ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതോടെ ഓരുവെള്ളം കയറി കൃഷി നശിക്കുന്നതിനാൽ അതിന് മുമ്പ് ഇവിടെ കൃഷി ഇറക്കിയിരുന്നു.  പാടശേഖരസമിതികളാണ് പ്രദേശത്ത് ഇതുവരെ പമ്പിങ് നടത്തിയത്. സബ്സിഡി ലഭിക്കാത്തത് മൂലം പമ്പിങും പ്രതിസന്ധിയിലായി. 
ഇൻഷുറൻസുള്ള കൃഷിഭൂമിയായതിനാൽ ആ നിലയ്ക്കും സാമ്പത്തികസഹായം ലഭിച്ചാൽ മാത്രമേ കൃഷി മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് കർഷകസംഘം 
ആർപ്പൂക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി കെ ചെല്ലപ്പൻ, പ്രസിഡന്റ് ടി ടി മാത്യു പാടശേഖരസമിതി കൺവീനർ എം എം ഔസേപ്പ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ അടിയന്തരമായി  ഇടപ്പെട്ട് സാമ്പത്തികസഹായം ലഭ്യമാക്കണമെന്നും  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 
 
 
 
പ്രധാന വാർത്തകൾ
Top