Top
17
Saturday, March 2018
About UsE-Paper

ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം: മുഖ്യമന്ത്രി

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
ചുമട്ടുതൊഴിലാളികളുടെ മക്കളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പ് നല്‍കുന്ന ലാപ്ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നു

 കോട്ടയം > ചുമട്ടുതൊഴിലാളി ഫെഡറേഷനും ക്ഷേമനിധി ബോര്‍ഡും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് അടിയന്തര പരിഗണനനല്‍കി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുമട്ടുതൊഴിലാളി മേഖലയിലടക്കം തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണംചെയ്യാനുള്ള അധികാരം ക്ഷേമനിധി ബോര്‍ഡിന് നല്‍കണമെന്നതാണ് ഇതില്‍ പ്രധാനം. 26-എ വകുപ്പ് പ്രകാരം ഇപ്പോള്‍ എഎല്‍ഒയാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇക്കാര്യത്തില്‍ നിയമത്തില്‍ തന്നെ മാറ്റംവരുത്താനാണ് പരിഗണന. മേഖലയിലെ പല കരിനിയമങ്ങളും മാറ്റിയെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. ഇ എം എസ് സര്‍ക്കാരുകളും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ചുമട്ടുതൊഴിലാളികളെയും അസംഘടിത മേഖലയിലെ തൊഴിലാളികളെയും ബാധിക്കുന്ന കാര്യങ്ങളില്‍ നിരവധി അനുകൂല തീരുമാനങ്ങള്‍ എടുത്തു. പെന്‍ഷന്‍, വ്യവസ്ഥാപിതമായ കൂലി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കെല്ലാം നിയമ പരിരക്ഷ നല്‍കാനായി.
നോക്കുകൂലി, അമിതകൂലി എന്നീ കാര്യങ്ങളിലുള്ള ഒറ്റപ്പെട്ട പരാതികളില്‍ പരിഹാരം ഉണ്ടാകണം. ഇത്തരം കാര്യങ്ങളുടെ പേരില്‍ തൊഴിലാളികള്‍ ഒന്നടങ്കം ആക്ഷേപങ്ങള്‍ നേരിടേണ്ട സാഹചര്യം ഒഴിവാക്കണം. 
ഈ സര്‍ക്കാരിനെതിരെ പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ പല വഴിക്കായി പലരും ഏറ്റെടുത്തു. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിട്ടില്ലെന്ന് മലപ്പുറം തെരഞ്ഞെടുപ്പിന്റെ വോട്ടുനില വ്യക്തമാക്കുന്നു. അവിടെ എല്‍ഡിഎഫിന് ഒരു ലക്ഷത്തിലേറെ വോട്ട് കൂടി. ശതമാനവും കൂടി. യുഡിഎഫിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.
വലിയ അവകാശവാദവുമായി വന്ന ബിജെപിക്കും അവരുടെ അജന്‍ഡകള്‍ കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ മനസ്സിലായി. രാജ്യമാകെ ആര്‍എസ്എസ് മുസ്ളീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും എതിരെ നീങ്ങുകയാണ്. ഇവരെ അവര്‍ ആഭ്യന്തര ശത്രുക്കളായി കാണുന്നു. ബാബറിമസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കമുള്ള നേതാക്കള്‍ വിചാരണ നേരിടേണ്ടിവരുന്നു. എത്ര വര്‍ഷമായി സംഭവംനടന്നിട്ട്. ആ വര്‍ഗീയ നിലപാടുകള്‍ക്ക് ഇപ്പോഴും സംഘപരിവാര്‍ മാറ്റം വരുത്തിയിട്ടില്ല.
കേരളത്തിലാകട്ടെ മത ന്യൂനപക്ഷങ്ങള്‍ പരിപൂര്‍ണ സുരക്ഷിതരാണ്. ഇവിടെ ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്ലാ വരും മതനിരപേക്ഷ മനസ്സോടെ ജീവിക്കുന്നതായി രാജ്യം തന്നെ അംഗീകരിക്കുന്നു. എന്നാല്‍ വടക്കേ ഇന്ത്യയിലും മറ്റും പശുവിന്റെ പേരില്‍പോലും മനുഷ്യന്‍ കൊല്ലപ്പെടുന്നു. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും നിശബ്ദരാകുകയാണ് - മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.