22 May Tuesday

പാടശേഖരങ്ങളില്‍ ഉത്സവക്കൊയ്ത്ത്; മനംനിറഞ്ഞ് കര്‍ഷകര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2017

ചങ്ങനാശേരി പറാല്‍ പാടശേഖരത്ത് നടക്കുന്ന കൊയ്ത്തുത്സവം. കൊയ്തുമാറ്റിയ നെല്ല് പാടത്ത് കൂട്ടിയിരിക്കുന്നു

 ചങ്ങനാശേരി> വര്‍ഷങ്ങളോളം തരിശുകിടന്ന പാടങ്ങളില്‍നിന്ന് പൊന്‍കതിര്‍ കൊയ്തെടുത്ത സന്തോഷത്തില്‍ മനംനിറഞ്ഞ് കര്‍ഷകര്‍. ചങ്ങനാശേരി പറാല്‍, കുമരങ്കരി വാലടി, മുളയ്ക്കാംതുരുത്തി, ളായിക്കാട് തുടങ്ങിയ പാടശേഖരങ്ങളിലാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ച് കര്‍ഷകര്‍ കൃഷിയിറക്കിയത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ്കൃഷി പുനരാരംഭിച്ചത്.

ചങ്ങനാശേരി മുതല്‍ പറാല്‍വരെ കണ്ണെത്താദൂരത്ത് കിടക്കുന്ന പാടശേഖരത്തില്‍  നെല്ല് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കുന്നതിന്റെ സന്തോഷത്തിലാണ് കര്‍ഷകര്‍. കൊയ്ത്തിന് തൊഴിലാളികള്‍ കുറഞ്ഞതോടെ ഭൂരിപക്ഷം പാടശേഖര ഉടമകളും കൃഷി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കൊയ്ത്തുയന്ത്രം വ്യാപകമായതും സര്‍ക്കാരിന്റെ മികച്ച പ്രോത്സാഹനവും പാടശേഖര ഉടമകളെയും മറ്റുള്ളവരെയും വീണ്ടും നെല്‍കൃഷിയിലേക്ക് തിരികെ കൊണ്ടുവന്നു. പറാല്‍ പാടശേഖരത്തും കുമരങ്കരി, തുരുത്തി, വാലടി തുടങ്ങിയ പാടശേഖരങ്ങളിലും വിവിധ സമയങ്ങളിലായി വിത്തിറക്കിയതിനാല്‍ മാര്‍ച്ച് അവസാനം വരെ ഇവിടങ്ങളില്‍ കൊയ്ത്തുത്സവം നടക്കും. ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന പാടശേഖരങ്ങളില്‍ ഡസന്‍കണക്കിന് കൊയ്ത്ത്യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കൊയ്ത്ത്. കൊയ്തുമാറ്റിയ നെല്‍മണികള്‍ അപ്പോള്‍തന്നെ നൂറുകണക്കിന് തൊഴിലാളികളുടെ നേതൃത്വത്തില്‍ ചാക്കിലാക്കി തൂക്കം അളന്നു തിട്ടപ്പെടുത്തി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള വില നല്‍കി ലോറിയില്‍ കയറ്റി പോകുന്നതിനാല്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം പാടശേഖരങ്ങള്‍ നെല്‍മണികളാല്‍ തളിര്‍ത്തതുകണ്ടപ്പോള്‍ മുതിര്‍ന്നവര്‍ സന്തോഷത്തോടെ പാടശേഖരത്തിന് സമീപം വന്നുനില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ജോലിക്കാര്‍ക്ക് ചെറിയ സഹായങ്ങളുമായി കൂടെ കൂടുന്നതും പുതുതലമുറയിലെ കര്‍ഷകര്‍ക്ക് ആവേശമായി. മില്ലുടമകള്‍ക്കായി നെല്ല് ശേഖരിക്കാന്‍ എത്തുന്ന ഇടനിലക്കാരുടെ വിലപേശല്‍ ഒഴിച്ചാല്‍ ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ കൊയ്ത്തുത്സവം മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയാണ്.
പ്രധാന വാർത്തകൾ
Top