19 September Wednesday

പേമാരി: അടിയന്തര സഹായം എത്തിക്കുക‐ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 കോട്ടയം 

പേമാരിയിൽ സ്തംഭിച്ച  കോട്ടയം ജില്ലയിൽ ജീവനും സ്വത്തിനും കൃഷിക്കും നാശനഷ്ടങ്ങളുണ്ടയവർക്ക് അധികൃതർ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാൽ നൂറ്റാണ്ടിനിടയിൽ കണ്ട ഏറ്റവും ദുരിതപൂർണമായ കാലവർഷക്കെടുതിയിലാണ്  ജില്ല. വീടുകളും കൃഷിയുമെല്ലാം പൂർണമായി നശിച്ച് നിരാലംബമായ നിരവധി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതുവരെ ആറുപേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കിഴക്കൽ മേഖലയായ പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ മൂലമുള്ള നാശനഷ്ടവും വെള്ളപ്പൊക്കവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. സിപിഐ എം നേതൃത്വത്തിൽ  ജില്ലയിലാകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പാർടി പ്രവർത്തകർ.
കോട്ടയം, വൈക്കം, ചങ്ങനാശേരി നഗരസഭകളിലും കുമരകം, തിരുവാർപ്പ്, നാട്ടകം, ആർപ്പൂക്കര, അയ്മനം, കടുത്തുരുത്തി, കല്ലറ, മുളക്കുളം,തലയാഴം, തലയോലപ്പറമ്പ്, പാറമ്പുഴ, നട്ടാശ്ശേരി, ചിങ്ങവനം, പനച്ചിക്കാട്, കുറിച്ചി എന്നിവിടങ്ങളിലായി 159 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 28012 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കുട്ടികളും വൃദ്ധരും രോഗികളുമെല്ലാം ക്യാമ്പിലുണ്ട്.
സിപിഐ എം ജില്ലാ കമ്മിറ്റിയും വിവിധ ഘടകങ്ങളും, അഭയം ചാരിറ്റബിൾ സൊസൈറ്റി, ജനപ്രതിനിധികൾ, പാർടി പ്രവർത്തകർ, വർഗബഹുജന സംഘടനകൾ എന്നിവരുടെയെല്ലാം നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം എത്തിച്ചുവരുന്നു. ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നുണ്ട്. 
  കോട്ടയം താലൂക്കിലെ വിവിധ ക്യാമ്പുകളിൽ പാർടി ജില്ലാ സെക്രട്ടറി വി എൻ വാസവൻ കഴിഞ്ഞ മൂന്നു ദിവസം സന്ദർശനം നടത്തി. 300 ചാക്ക് അരി, പച്ചക്കറി കിറ്റുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ വിതരണംചെയ‌്തു. ആർപ്പൂക്കര, അയ്മനം, വെച്ചൂർ പ്രദേശത്തെ നെൽകൃഷി നശിച്ച പാടശേഖരങ്ങളും സന്ദർശിച്ചു.
 
 
കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലായി 20 ചാക്ക് അരി, വസ്ത്രങ്ങൾ, ഭക്ഷണം എന്നിവ വിതരണം നടത്തി. വൈക്കം താലൂക്കിലെ ക്യാമ്പുകളിൽ 10 ചാക്ക് അരിയും കപ്പയും വിതരണം ചെയ്തു. തലയോലപ്പറമ്പിലെ 18 ക്യാമ്പുകളിലും അരി, പലചരക്ക്,പച്ചക്കറി, പുതപ്പ്, തോർത്ത് എന്നിവ വിതരണം നടത്തി. ചങ്ങനാശേരിയിലെ 21 ക്യാമ്പുകളിലായി 75 ചാക്ക് അരി, പച്ചക്കറി വിതരണം നടത്തി.പനച്ചിക്കാട് പഞ്ചായത്തിലെ മൂന്ന് ക്യാമ്പുകളിലായി 200 പുതപ്പ്, അരി, പലചരക്ക്, പച്ചക്കറി വിതരണം നടത്തി. ഈ ക്യാമ്പുകളിൽ ആവശ്യമായിടത്തെല്ലാം അഭയത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വീടുകളിൽ വെളളം കയറി ഒറ്റപ്പൈട്ട ആയിരക്കണക്കിന‌് കുടുംബാംഗങ്ങളാണുളളത‌്.
ആർപ്പൂക്കര, അയ്മനം, തിരുവാർപ്പ്, കുമരകം, മുളക്കുളം, കടുത്തുരുത്തി, കല്ലറ, തലയാഴം,വെച്ചൂർ, ഉദയനാപുരം, ടിവി പുരം, മറവന്തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂർ പ്രദേശങ്ങളിൽ മടവീഴ്ച മൂലവും വെള്ളം കരകവിഞ്ഞു കയറിയും ആയിരക്കണക്കിന് ഏക്കർ  നെൽകൃഷി നശിച്ചു. 25 ദിവസം മുതൽ 70 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് പൂർണമായി നശിച്ചത്. കോടികളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. പച്ചക്കറി കൃഷിയും വാഴകൃഷിയും വ്യാപകമായി നശിച്ചു. ഇവർക്ക് അടിയന്തര ആശ്വാസമെത്തിക്കുകയും നഷ്ടം തിട്ടപ്പെടുത്തി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
   റോഡുകളിൽ വെള്ളം നിറഞ്ഞും താറുമാറായും ഗതാഗതം പൂർണമായി നിലച്ച പ്രദേശങ്ങളുമുണ്ട‌്. വൈദ്യുതി ബന്ധവും ഇല്ല. ഇതുമൂലം ശുദ്ധജലവിതരണവും മുടങ്ങുന്നു.
വ്യാപാര മേഖലയെയും കാലവർഷം പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കടകളിൽ വെള്ളം കയറിയതുമൂലം വ്യാപാരികൾക്ക്  കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായും ജില്ലാ സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
തുടർന്നുള്ള ദിവസങ്ങളിലും പാർടിയുടെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണമായി പങ്കാളികളാകണമെന്നും ജില്ലാ സെക്രട്ടറി വി എൻ വാസവൻ അഭ്യർഥിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top