Top
24
Wednesday, May 2017
About UsE-Paper

മഴക്കാലമായിജാഗ്രതൈ ....

Saturday May 20, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ സി എ ലത പറഞ്ഞു. കാലവര്‍ഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു കലക്ടര്‍.  അടിയന്തര സാഹചര്യം വന്നാല്‍  നേരിടാന്‍  എമര്‍ജന്‍സി ടീമിനെ നിയോഗിക്കും. 

    എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും അന്നന്നുളള റിപ്പോര്‍ട്ടുകള്‍ കലക്ടറേറ്റില്‍ അറിയിക്കാനും സംവിധാനം ഉണ്ടാക്കും. 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവരെ ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം ഉണ്ടാക്കണം. എല്ലാ പിഎച്ച്സി,  സിഎച്ച്സി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. മണ്ണിടിച്ചില്‍ പോലുളള ദുരന്തങ്ങള്‍ നേരിടാന്‍ ജെസിബി ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തണം. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ പാറപൊട്ടിക്കല്‍ നിരോധിക്കണം. പ്രകൃതിക്ഷോഭം നേരിടാന്‍ ആംബുലന്‍സ്, മരുന്ന്, വാക്സിന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകണം. 
പഴയ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി നടത്തണം. ഭക്ഷ്യധാന്യങ്ങള്‍ കരുതല്‍ ശേഖരം ഉറപ്പാക്കണം. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകള്‍ ഉയര്‍ത്തി മരശിഖരങ്ങള്‍ വെട്ടി മാറ്റണം. കൃഷി മേഖലയില്‍ നഷ്ടം സംഭവിച്ചാല്‍ താമസം കൂടാതെ തന്നെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരെ  നിയമിക്കും. ആര്‍ഡിഒ മാര്‍ അവരുടെ അധികാര പരിധിയിലുളള താലൂക്കുകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.    കോട്ടയം ആര്‍ഡിഒ കെ രാമദാസ്, പാലാ ആര്‍ഡിഒ ഇ എം സഫീര്‍  എന്നിവര്‍ പങ്കെടുത്തു.