24 September Monday
ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

വേമ്പനാട്ടുകായൽ കരകവിഞ്ഞു; തീരപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

 

വൈക്കം
വേമ്പനാട്ടുകായൽ കരകവിഞ്ഞ് തീരപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കായലിൽ വേലിയേറ്റം ശക്തി പ്രാപിച്ചതാണ് കരകവിയാൻ കാരണം. വൈക്കം നഗരത്തിന്റെ ഏതാണ്ട് പൂർണമായ ഭാഗങ്ങളും വെള്ളത്തിനടിയിലായി. ടൗണിലെ പല കടകളിലും വെള്ളംകയറി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഗതാഗത സൗകര്യങ്ങളും നിലച്ചു. നിരത്തുകളിൽ ഇരുചക്രവാഹനങ്ങൾ മാത്രമായി. ടൗണിലെ നാല് പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.
തോട്ടുവക്കം, കോവിലത്തുംകടവ്, പോളശേരി, പനമ്പുകാട്, അക്കരപ്പാടം, ചെമ്മനാകിരി, ഇത്തിപ്പുഴ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. കായലിൽ അസാധാരണമായ ജലനിരപ്പ് ഉയർന്നതോടെ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന മൈക്ക് അനൗൺസ്മെന്റ് നടത്തി. നഗരത്തിന്റെ മുഴുവൻ സ്കൂളുകളും പൊതുസ്ഥാപനങ്ങളും അഭയകേന്ദ്രമായി മാറിയ സാഹചര്യമാണ്. പുലർച്ചെ ഏഴോടെ കായലിന്റെ നിരവധി ഭാഗങ്ങൾ കരകവിഞ്ഞ് പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കുകയായിരുന്നു. 
അഭയകേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാർ തലത്തിൽ നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. സന്നധ സംഘടനകളും, പൊതുജനങ്ങളും വ്യക്തികളും അഭയകേന്ദ്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങളും വെള്ളവും വസ്ത്രങ്ങളും എത്തിക്കുന്നു. പല തുരുത്തുകളിലും കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാൻ കേന്ദ്രസേനയുടെ രണ്ട് യൂണിറ്റുകളും രംഗത്തുണ്ട്. 
83 ക്യാമ്പുകളിലായി 29000 അംഗങ്ങളെയാണ് പാർപ്പിച്ചിരിക്കുന്നത്. തുരുത്തുകളിലും മറ്റും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താൻ ഇരുപതോളം വള്ളങ്ങൾ സദാസമയം പ്രവർത്തിക്കുന്നുണ്ട‌്. ധാരാളം ടിപ്പർ ലോറികളിലും രക്ഷാപ്രവർത്തനത്തിന‌് സജീവമായി രംഗത്തുണ്ട്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top