15 November Thursday

കാൽലക്ഷം പേർ ക്യാമ്പിൽ; 154 വീടുകള്‍ക്ക‌് നാശം

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018
 
 
കോട്ടയം 
 ജില്ലയിൽ കാൽലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ. 154 വീടുകൾ ഭാഗികമായി നശിക്കുകയും 43.2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ‌്തു. വൈക്കം താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ  ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 18 വില്ലേജുകളിൽ 15 ലും ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 18,940 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 1428 കുടുംബങ്ങളിൽ നിന്നായി 4817 പേരെയാണ് ബുധനാഴ്ച ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇതുവരെ 55 ക്യാമ്പുകളിലായി 5772 കുടുംബങ്ങൾ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി മരം വീണ് 14 വീടുകൾ ഭാഗികമായി തകർന്നു. 
കോട്ടയം താലൂക്കിൽ 64 ക്യാമ്പുകളിലായി 798 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ബുധനാഴ്ച മാത്രം 17 ക്യാമ്പുകളാണ് താലൂക്കിൽ പുതിയതായി തുറന്നത്. ഇവിടെ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 2986 ആയി. ചങ്ങനാശേരിയിൽ 30 ക്യാമ്പുകളിലായി 5500 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 1196 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവർ. താലൂക്കിൽ ഈ മാസം  ഇതുവരെ 89 വീടുകൾ കനത്തമഴയിൽ മരം വീണും കാറ്റിലും മറ്റുമായി തകർന്നിട്ടുണ്ട്.  39,25,000 രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. മീനച്ചിൽ താലൂക്കിൽ ഇതുവരെ ആറ‌് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കിടങ്ങൂർ വില്ലേജിൽ‐3, പുലിയന്നൂർ‐1, വെള്ളിലാപ്പള്ളി‐1, കുറവിലങ്ങാട്‐1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ വിവരങ്ങൾ. 86 കുടുംബങ്ങളിൽ നിന്നായി 205 പേർ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വില്ലേജോഫീസർമാരുടെ യോഗം തഹസിൽദാറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേരും. നാശനഷടങ്ങൾ യോഗത്തിൽ കണക്കാക്കും. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇതുവരെ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.   
കെഎസ‌്ഇബിയിൽ 43.61 രൂപയുടെ നഷ്ടവും 139.3 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. കാർഷിക മേഖലയിൽ മാത്രം ജില്ലയിൽ 1.39 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിൽ 2.5 കോടിയുടെ നഷ്ടവും നിലവിൽ കണക്കാക്കിയിട്ടുണ്ട്.
 
 
 
പ്രധാന വാർത്തകൾ
Top