Top
22
Thursday, June 2017
About UsE-Paper

രക്ഷപ്പെടുത്തണമെങ്കില്‍ അറിയണം പലതും

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > അപകടം ഉണ്ടാകാതിരിക്കാനും അപകടം സംഭവിച്ചാലും ചെയ്യേണ്ടതായി ഒരുപാടുണ്ട്. അവ അനുഭവങ്ങളില്‍നിന്ന് വിവരിക്കുകയായിരുന്നു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍. കേട്ടിരുന്നവര്‍ക്ക് കൌതുകമേറി. തീപിടിത്തവും മറ്റും ഉണ്ടാകുമ്പോള്‍ സ്ഥലത്തെത്തുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരമാവധി സഹായം ചെയ്യാന്‍ ശ്രമിക്കണം.

കരയില്‍നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമായി ചിലരുണ്ടാകും. ആരെങ്കിലും പുഴയില്‍ മുങ്ങിയാല്‍ ഒഴുകിപ്പോയിട്ടുണ്ടാകുമെന്നു കരുതി ദൂരെ മാറി തെരച്ചില്‍ നടത്തുന്നത് ശരിയല്ല. നല്ല ഒഴുക്കില്ലെങ്കില്‍ മൃതദേഹം മുങ്ങിയിടത്തു തന്നെകാണും. പല അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. 'അഭയം' പദ്ധതിയുടെ പരിശീലന പരിപാടിയുടെ ഭാഗമായി കോട്ടയം ബിടിആര്‍ മന്ദിരത്തില്‍ നടത്തിയ പരിശീലന പരിപാടിയുടെ ഭാഗമായി ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എന്‍ അജിത്തിന്റെ ക്ളാസാണ് ഏവര്‍ക്കും കൌതുകകരവും വിജ്ഞാനപ്രദവുമായത്.
വീട്ടില്‍ പാചകവാതക സിലിണ്ടര്‍ നമ്മള്‍ ഇടുങ്ങിയ സ്ഥലത്ത് വയ്ക്കുകയാണ് പതിവ്്. ചോര്‍ച്ചയുണ്ടായാല്‍ ഗ്യാസ് കെട്ടിക്കിടക്കാനും പൊട്ടിത്തെറിയില്‍ വലിയ അപകടമുണ്ടാകാനും ഇത് കാരണമാകും. തുറന്ന സ്ഥലമാണെങ്കില്‍ ഗ്യാസ് മറ്റിടങ്ങളിലേക്ക് പൊയ്ക്കൊള്ളും. രണ്ടുനില കെട്ടിടത്തെ പൂര്‍ണമായി തകര്‍ക്കാന്‍ ശേഷിയുണ്ട് ഒരു ഗ്യാസ് സിലിണ്ടറിന്. മഴനനഞ്ഞ് ജോലി ചെയ്യുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വി എന്‍ വാസവന്‍ ഇടപെട്ട് ഒരാഴ്ചക്കകം മഴക്കോട്ട് വാങ്ങി തന്നതും അജിത് സ്മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സിന്റെ പക്കലുള്ള ഉപകരണങ്ങളും അജിത് പരിചയപ്പെടുത്തി. 'അഭയം' വളണ്ടിയര്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നല്‍കുന്നതിന്റെ ഭാഗമായാണ് ക്ളാസ് നടത്തിയത്.