Top
24
Wednesday, May 2017
About UsE-Paper

റേഷന്‍മൊത്തസംഭരണ ഗോഡൌണ്‍ കുറവിലങ്ങാട്ട് തുറന്നു

Friday May 19, 2017
വെബ് ഡെസ്‌ക്‌
കുറവിലങ്ങാട്ടെ മൊത്തവിതരണ ഗോഡൌണില്‍ സാധനങ്ങളിറക്കുന്നു

 കുറവിലങ്ങാട് > മീനച്ചില്‍ താലൂക്കിലെ 210 റേഷന്‍കടകളില്‍ വിതരണംചെയ്യേണ്ട 13,000 ക്വിന്റല്‍ അരി, ഗോതമ്പ് എന്നിവ സൂക്ഷിക്കാന്‍ ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പ് ഉടമസ്ഥതയിലുള്ള മൊത്തവിതരണ ഗോഡൌണ്‍ കുറവിലങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങി. 11,650 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതും 120 ലോഡ് ഭക്ഷ്യധാന്യങ്ങള്‍ ഒരേസമയം സംഭരിക്കാന്‍ ശേഷിയുള്ളതുമായ ഗോഡൌണാണ് കുറവിലങ്ങാട് പൊലീസ്സ്റ്റേഷനുസമീപം ഭക്ഷ്യസിവില്‍ സപ്ളൈസ് വകുപ്പ് തുറന്നത്. 

സംസ്ഥാന വെയര്‍ഹൌസ് ആണ് സ്വകാര്യവ്യക്തിയില്‍നിന്നും ഗോഡൌണ്‍ വാടകയ്ക്ക് എടുത്ത് സിവില്‍ സപ്ളൈസിന് കൈമാറിയത്. ചിങ്ങവനം എഫ്സിഐ ഗോഡൌണില്‍നിന്നുള്ള അരി, ഗോതമ്പ് എന്നിവ ഇവിടേക്ക് എത്തിച്ചുതുടങ്ങി. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, രാമപുരം, കൊല്ലപ്പള്ളി, കുറവിലങ്ങാട് തുടങ്ങി ഒന്‍പത് കേന്ദ്രങ്ങളിലെ റേഷന്‍ മൊത്തവിതരണം നടത്തുന്ന സ്വകാര്യ ഏജന്‍സികളെയും ഇവരുടെ ഉടമസ്ഥതയിലുള്ള ഗോഡൌണുകളെയും ഒഴിവാക്കി. ജൂണ്‍ മുതല്‍ റേഷന്‍കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളും കുറവിലങ്ങാട്ടുള്ള മൊത്തവിതരണ ഗോഡൌണില്‍നിന്ന് സപ്ളൈകോ ഉദ്യോഗസ്ഥര്‍ നേരിട്ട് റേഷന്‍കടകളിലെത്തിക്കും. ഒരുമാസത്തേക്കാവശ്യമായ റേഷന്‍ സാധനങ്ങള്‍ കടകളിലേക്ക് ഒന്നിച്ചാണ് ഇനിമുതല്‍ വിതരണം ചെയ്യുകയെന്ന പ്രത്യേകതയുമുണ്ട്. സ്വകാര്യവ്യക്തികളുടെ ഗോഡൌണുകളില്‍ റേഷന്‍സാധനങ്ങള്‍ കയറ്റി ഇറക്കിക്കൊണ്ടിരുന്ന തൊഴിലാളികളെ നിലനിര്‍ത്തും. അവരെ കുറവിലങ്ങാട്ടെ ഗോഡൌണിലേക്ക് മാറ്റി തൊഴില്‍സുരക്ഷ ഉറപ്പാക്കി. കലക്ടര്‍ വിളിച്ചുചേര്‍ത്ത തൊഴിലാളിസംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
കുറവിലങ്ങാട്, അരി, ഗോതമ്പ്, ഗോഡൌണ്‍