Top
20
Tuesday, February 2018
About UsE-Paper

ദുര്‍ഗന്ധം വമിച്ച് കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ നടപ്പാതയ്ക്കരികിലെ മാലിന്യകൂമ്പാരം

 പാലാ > ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂനയില്‍ ഇരതേടുന്ന തെരുവുനായ്ക്കളെ ഭയന്ന് യാത്രക്കാര്‍. പാലാ നഗരസഭയുടെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലും സമീപത്തെ നടപ്പാതയിലുമാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം ജനങ്ങള്‍ തെരുവുനായ ഭീഷണിയും നേരിടുന്നത്.

ബസ് ടെര്‍മിനലിന് മുന്നിലെ സംസ്ഥാനപാതയോരത്തുള്ള നടപ്പാതയോടുചേര്‍ന്ന് മാലിന്യംതള്ളുന്നത് ഏറെക്കാലമായി യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രശ്നമാണ്. ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യ കൂനയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ച് പരിസരമാകെ വൃത്തിഹീനമായ നിലയിലാണ്. കൊതുകുകള്‍ പെരുകി.
സ്റ്റാന്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭ സുരക്ഷിതമായ സംവിധാനം ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ചപ്പുചവറുകള്‍ സ്ഥാപിക്കാനുള്ള വേസ്റ്റ് ബിന്നുകള്‍പോലും ഇല്ല. സമീപത്തെ നടപ്പാതയിലൂടെ പോകുന്ന യാത്രക്കാരും ടൌണിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് കാത്ത് നില്‍ക്കുന്നവരും ദുര്‍ഗന്ധം സഹിക്കുന്നതിനൊപ്പം മാലിന്യത്തിനായി കടിപിടികൂടുന്ന തെരുവുനായ്ക്കളുടെ ആക്രമണവും ഭയക്കേണ്ട സാഹചര്യമാണ്. 
സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളിലെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങളും പാക്കറ്റുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഈ ഭാഗത്ത് മാലിന്യം കുന്നുകൂടാന്‍ ഇടയാക്കുന്നത്. കൂടാതെ സ്റ്റാന്റില്‍നിന്നുള്ള ചപ്പുചവറുകള്‍ അടിച്ചുകൂട്ടുന്നതും സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതും ഇതേസ്ഥലത്താണ്. ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാസ്റ്റിക്കും ഉള്‍പ്പെടെ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാതെ അധികൃതര്‍ ഇവിടെതന്നെ കത്തിക്കുകയാണ്. ഇത് പരിസ്ഥിതി മലിനീകരണത്തിനൊപ്പം യാത്രക്കാര്‍ക്ക് അസ്വസ്ഥതയ്ക്കും കാരണമാകുന്നുണ്ട്.

Related News

കൂടുതൽ വാർത്തകൾ »