22 November Thursday
പത്തിടത്ത് ഉരുൾപൊട്ടി

ഈരാറ്റുപേട്ടയിൽ ഒരാളെ കാണാതായി 4 മരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

 ഈരാറ്റുപേട്ട

തലനാട്, തീക്കോയ്, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിലായി പത്തിടത്ത‌് ഉരുൾപൊട്ടി. വാഗമൺ റൂട്ടിൽ വെള്ളികുളം പള്ളിക്കു സമീപം ഉരുൾപൊട്ടലിൽ വീട് തകർന്ന് നാലുപേർ മരിച്ചു. ഒരാളെ കാണാതായി. ഈരാറ്റുപേട്ടയിലും പനയ്പ്പാലത്തും വെള്ളം കയറി.
വെള്ളികുളം നരിമറ്റം കോട്ടേരിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മാമി എന്നു വിളിക്കുന്ന റോസ്സമ്മ (82),  മകൾ  മോളി (49), കൊച്ചു മക്കളായ അൽഫോൻസാ (11), റ്റിന്റുമോൾ (7) എന്നിവരാണ് മരിച്ചത്. മോളിയുടെ മകൻ ജോമോൻ (20) ഈരാറ്റുപേട്ട റിംസിലും സഹോദരി വിനീത മെഡിക്കൽ കോളേജിലും ചികിൽസയിലാണ്. കൂടാതെ മംഗള ഗിരി കട്ടുപ്പാറ റോഡിൽ കട്ടുപ്പാറക്കു സമീപം ഉരുൾ പൊട്ടി പിണ്ണാക്കനാട് സ്വദേശി കണിയാംപടിയിൽ ജോബി മാത്യുവിനെ (30) കാണാതായി. കട്ടുപ്പാരയിൽ ഭാര്യ വീട്ടിലേക്ക‌് വരുന്ന വഴി സമീപത്ത് ഉരുൾ പൊട്ടിയതറിഞ്ഞ് തിരിച്ചു പോരുന്നതിനിടെയുണ്ടായ മറ്റൊരു  ഉരുൾപൊട്ടലിൽ അകപ്പെടുകയായിരുന്നു. 
വെള്ളികുളത്ത് ബുധനാഴ‌്ച രാത്രി ഒൻപതോടെയാണ് വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് ഉരുൾ പതിച്ചത് . ഉറക്കത്തിലായിരുന്ന കുട്ടികളുടെ പിതാവ് വിനു ഇളയ കുട്ടി വിനീതയുമെടുത്ത് ഓടിയതു കാരണം അവർ മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഈരാറ്റുപേട്ട മേഖലയിൽ 24 മണിക്കൂറും ശക്തമായ മഴ പെയ‌്തു. മീനച്ചിൽ താലൂക്കിലെ തീക്കോയി ഭാഗത്ത് കട്ടൂപ്പാര, ഇഞ്ചപ്പാറ, മംഗളഗിരി ഭാഗങ്ങളിലും താലനാട് ചോനമല, വെള്ളാനി എന്നിവിടങ്ങളിലും മണ്ണിടിഞ്ഞു. വഴിക്കടവ് ചെക്ക് ഡാം തുറന്നു വിട്ടതും മഴ തോരാതെ പെയ്യുന്നതും മീനച്ചിലാറ്റിലെ ജലനിരപ്പു ഉയർത്തി. ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഗതാഗതം മുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top