17 November Saturday

വൻ കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018
കടുത്തുരുത്തി/കോട്ടയം
മുണ്ടാറിൽ 500 ഏക്കർ നെൽകൃഷി നശിച്ചു. പറമ്പൻ 54, പറമ്പൻകരി, തട്ടാപറമ്പ് സൗത്ത്, നോർത്ത്, മുണ്ടാർ പുലയ കോളനി എന്നീ പാടശേഖരങ്ങളിലെ 10 മതൽ 15 ദിവസംവരെ പ്രായമായ നെൽച്ചെടിയാണ് നശിച്ചത്.  കീഴൂർ അപ്പാഞ്ചിറ റോഡിൽ മാന്നാറിന് സമീപം പാടശേഖരത്തിൽ വെള്ളം കയറി ഏക്കറ് കണക്കിന് പച്ചക്കറി കൃഷി നശിച്ചു. 
കടുത്തുരുത്തി ടൗണിലൂടെ കടന്നുപോകുന്ന വലിയ തോടും ചുള്ളിത്തോടും കരകവിഞ്ഞൊഴുകി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളം കയറി.  കടുത്തുരുത്തി ജൻഔഷധിയുടെ മെഡിക്കൽ സ്റ്റോറിൽ വെള്ളം കയറിയതിനെ തുടർന്ന് മരുന്നുകൾ ഇവിടെ നിന്നും മാറ്റി.  ഞീഴൂർ ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. വിവിധ ബാങ്കുകളും, നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കൊരങ്ങാട്ടുനിരപ്പിൽ വ്യാപകമായി റബർ മരങ്ങളും വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണു. 
കാട്ടാംപാക്ക് മന്ദിരത്തിൽ ഗോപി, പൂച്ചപ്പാറ കുട്ടൻ, കൊല്ലമ്പറമ്പിൽ രാജപ്പൻ നായർ എന്നിവരുടെ വീട് മരംവീണ് തകർന്നു. മനക്കപ്പടി കനാലിലെ വെള്ളം നിരഞ്ഞൊഴുകി രണ്ട് വീടുകളിൽ വെള്ളം കയറി. മരംവീണ് കീഴൂർ ബസ് സ്റ്റാൻഡ‌് തകർന്നു. 
 ആർപ്പൂക്കര മണിയാപറമ്പ് കാട്ടുകരി ‐ കല്ലിപ്പടവ് പാടശേഖരത്തിലെ 160 ഏക്കറിലെ നെൽച്ചെടികൾ മട വീണ് നശിച്ചു. നാൽപതു ദിവസം മൂപ്പെത്തിയ നെൽകൃഷിയാണ‌് നശിച്ചത്. പറിച്ചു നട്ട്, വളവുമിട്ട നെൽച്ചെടികളാണ് മടവീണ് നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ പെട്ടെന്നാണ് ഈ ഭാഗത്ത് വെള്ളം ഉയർന്ന് മടവീണത്. ഇക്കാരണത്താൽ കർഷകർക്ക് മടവീഴ്ച ഒഴിവാക്കാൻ മുൻകരുതലെടുക്കാനും കഴിഞ്ഞില്ല. തിങ്കളാഴ്ച ഉച്ചയോടെ  മട പുനഃസ്ഥാപിച്ചു. എന്നാൽ, വൈദ്യുതി മുടങ്ങിയതിനാൽ പാടത്തു നിന്നും വെള്ളം പമ്പുചെയ്തു കളയാൻ കഴിയാത്തത് തിരിച്ചടിയായി.
യുവകർഷകൻ തൃക്കൊടിത്താനം കൊകോട്ടുചിറ കുഴിത്തകിടിയിൽ നളിനാക്ഷന്റെ മകൻ അജീഷ‌് കുമാർ വീടിനു സമീപം കൃഷിചെയ്ത ഏത്തവാഴകളാണ്  നശിച്ചത്. അടുത്തയാഴ്ച വിളവെടുക്കാനിരിക്കുകയായിരുന്നു. 
 
 
 

 

പ്രധാന വാർത്തകൾ
Top