Top
26
Wednesday, July 2017
About UsE-Paper

ഷാരോണിനും പ്രണവിനും നാടിന്റെ പ്രണാമം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
പാറക്കുളത്തില്‍ മുങ്ങി മരിച്ച ഷാരോണിന് സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
കോട്ടയം > പരുത്തുംപാറ അമ്പാട്ടുകടവിന് സമീപമുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച ഷാരോണും(13) പ്രണവും(14) നാടിന്റെ പ്രണാമം. ചിങ്ങവനം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ടാംക്ളാസ് വിദ്യാര്‍ഥികളായ പ്രണവിനും ഷാരോണിനും സ്കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടിയ ജനാവലി കണ്ണീരില്‍കുതിര്‍ന്ന അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സ്കൂളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
രാവിലെ ഒമ്പതുമുതല്‍ സ്കൂള്‍പരിസരത്ത് ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. നാടുമുഴുവന്‍ തങ്ങളുടെ പ്രിയപ്പെട്ട കുട്ടികളെ ഒരുനോക്കുകാണാന്‍ കനത്തമഴയും അവഗണിച്ച് ഒഴുകിയെത്തി. പന്ത്രണ്ടരയോടെ രണ്ട് ആംബുലന്‍സുകളിലായി ഇരുവരുടെയും മൃതദേഹം സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചപ്പോഴേക്കും അധ്യാപകരും സഹപാഠികളുമടക്കമുള്ളവര്‍ക്ക് അതുവരെ അടക്കിപ്പിടിച്ച സങ്കടം അണപൊട്ടി. വെള്ളിയാഴ്ച സ്കൂളില്‍നിന്ന് പോയ തങ്ങളുടെ കൂട്ടുകാരുടെ ചേതനയറ്റ ശരീരം കണ്‍മുന്നില്‍ കണ്ടതിന്റെ നൊമ്പരം ആരും മറച്ചുവച്ചില്ല. രണ്ട് മണിക്കൂറുകളോളം സ്കൂളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സി ആര്‍ സുരേഷ്, പിടിഎ പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. 
പകല്‍ ഒന്നോടെ മൃതദേഹങ്ങള്‍ വിലാപയാത്രയായി ഇരുവരുടെയും വീടുകളിലേക്ക് കൊണ്ടുപോയി. നിരവധി വാഹനങ്ങള്‍ അകമ്പടിയായി. ഇരുവീടുകളില്‍നിന്നും ഉയര്‍ന്ന ആര്‍ത്തനാദങ്ങള്‍ തിങ്ങിക്കൂടിയവരെ കണ്ണീരണിയിച്ചു. മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതോടെ ഇരുവീടുകളും നിയന്ത്രിക്കാനാകാത്തവിധം ജനങ്ങളെ കൊണ്ടുനിറഞ്ഞു.  പ്രണവിന്റെ(14)മൃതദേഹം വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഷാരോണിന്റെ(13) സംസ്കാരം തിങ്കളാഴ്ച പകല്‍ 11ന് പരുത്തുംപാറ സിഎംഎസ് പള്ളി സെമിത്തേരിയില്‍ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍,  എംഎല്‍എമാരായ ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷൈലാകുമാരി, ഏരിയ സെക്രട്ടറി ഇ എസ് സാബു, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന്‍, കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. റെജി സക്കറിയ, പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ ആര്‍ സുനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോയി മാത്യു, സിനി ഏബ്രഹാം, മറ്റു പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ഇരുവീടുകളിലും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
 
കുട്ടികളുടെ കുടുംബത്തിന് ധനസഹായം 
നല്‍കണം: വി എന്‍ വാസവന്‍
കോട്ടയം > പരുത്തുംപാറ അമ്പാട്ട്കടവില്‍ പാറക്കുളത്തില്‍ വീണ് മരിച്ച ഷാരോണ്‍, പ്രണവ് എന്നീ കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് വി എന്‍ വാസവന്‍ മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചു.  കാല്‍വഴുതി വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടെയുള്ള സുഹൃത്തും അപകടത്തില്‍പ്പെട്ടത്. അത്യന്തം ദാരുണമായ സംഭവം നാടിന്റെയാകെ വേദനയായി. തികച്ചും പാവപ്പെട്ട കുടുംബങ്ങളിലുള്ളവരാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ പ്രതീക്ഷയും ഈ കുട്ടികളിലായിരുന്നു. കുടുംബത്തിന് അല്‍പമെങ്കിലും ആശ്വാസമാകാന്‍ സര്‍ക്കാര്‍ കഴിയുന്നത് ചെയ്യണം.
 

Related News

കൂടുതൽ വാർത്തകൾ »