13 December Thursday

കാറ്റ്, മഴ നഷ്ടം 60 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 കോട്ടയം 

വ്യാപകനാശം വിതച്ച് ചൊവ്വാഴ്ച ചുങ്കം, മള്ളൂശേരി ഭാഗങ്ങളിൽ രാത്രി വീശിയടിച്ച കാറ്റിൽ 216 വീടുകൾക്ക് നാശം. മൊത്തം 60 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി റവന്യൂ അധികൃതർ അറിയിച്ചു.
 പെരുമ്പായിക്കാട് വില്ലേജ് ഓഫീസ് പരിധിയിൽ 175 വീടുകൾക്കാണ് മരം വീണ് കേടുപാടുകൾ സംഭവിച്ചത്. ഇതിൽ 35 വീടുകൾ പൂർണമായി തകർന്നു. പെരുമ്പായിക്കാട് വില്ലേജിൽ 50 ലക്ഷം രൂപയുടെ നഷ്ടമാണ് വീടുകൾക്ക് മാത്രം കണക്കാക്കുന്നത്. മരങ്ങൾ കടപുഴകിവീണതിന്റെ നഷ്ടം ഇതിനുപുറമേയാണ്. കൃഷിചെയ്തിരുന്ന ജാതി മരങ്ങളും വൻതോതിൽ നശിച്ചു. വാഴയടക്കം കാർഷികമേഖലയിലും വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പെരുമ്പായിക്കാട് വില്ലേജ് ഓഫീസ് പരിധിയിൽമാത്രം 2000 മരങ്ങൾ കടപുഴകിയതായി വില്ലേജിന്റെ കണക്ക്. അയ്മനത്ത് 30 വീടുകളും ഭാഗികമായി തകർന്നു. നാലു ലക്ഷമാണ് നഷ്ടം. വേളൂരിൽ അഞ്ചും കോട്ടയം വില്ലേജ് ഓഫീസ് പരിധിയിൽ ആറും വീടുകൾക്കാണ് നാശം. 4.50 ലക്ഷം രൂപയാണ് ഇവിടുത്തെ നഷ്ടം കണക്കാക്കുന്നത്.
ഏറ്റുമാനൂരിലും  മഴയിൽ വ്യാപകനാശം. കോട്ടയം മെഡിക്കൽകോളേജ് ക്യാമ്പസിലെ മരങ്ങൾ ചുഴലിക്കാറ്റിൽ നിലംപതിച്ചു. അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡിനുകുറുകെ തേക്ക് മരം മറിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അത്യാസന്ന നിലയിൽ രോഗികളുമായെത്തിയ വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയ്ക്ക് പിന്നിലുള്ള വഴിയിലൂടെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. പാർക്കിങ‌് ഏരിയയിൽ ഓട്ടോയുടെമേൽ മരം വീണ് ഭാഗികമായി തകർന്നു. കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുസമീപം മരംവീണ് കാൽനടയാത്രികൻ മഹേഷിന് പരിക്കേറ്റു. അബോധാവസ്ഥയിലായ ഇയാളെ പൊലീസ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ  പേരൂർ എസ്എൻഡിപി സ്വദേശി വീട്ടമ്മ ഓമന, മകൻ സഞ്ചു എന്നിവർക്ക് പൊള്ളലേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരാപ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിനുസമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് തകർന്നു. ഇല്ലിക്കൽ പാണംപടി പ്രദേശത്ത് കനത്തമഴയിൽ വ്യാപകനാശം സംഭവിച്ചു. നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകിവീണു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top