20 May Sunday

ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 പൊൻകുന്നം 

ഡിവൈഎഫ്ഐ‐സിഐടിയു പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. ചിറക്കടവിലെ ബിജെപി ‐ആർഎസ്എസ് പ്രവർത്തകനായ ചിറക്കടവ് സെന്റർ കുമ്മണ്ണൂർ വീട്ടിൽ രവി കൃഷ്ണ (33) ആണ‌് അറസ്റ്റിലായത്. തെക്കേത്തുകവലയിലെ ഡിവൈഎഫ്ഐ, സി ഐടിയു പ്രവർത്തകരായ വിഷ്ണുനികേതനിൽ വിഷ്ണുരാജ് (23), കൊട്ടാടിക്കുന്നേൽ സാജൻ (33), പള്ളത്ത് രഞ്ജിത്ത് (30) എന്നിവരെ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള  ആൽത്തറക്ക് അടുത്തുവച്ച്  വടിവാളിന് വെട്ടികൊല്ലാൻ ശ്രമിച്ച കേസിലെ നാലു  പ്രതികളിലൊരാളാണ് രവി കൃഷ്ണ. കേസിലുൾപ്പെട്ട ആർഎസ്എസ്‐ബിജെപി പ്രവർത്തകരായ കൊല ഗോപൻ എന്ന രാജേഷ്, അശ്വിൻ, നരപ്പൻ രാജേഷ് എന്നിവരെ ഇനിയും പിടികൂടുവാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെ യാണ് സംഭവം. 
    ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിഷ്ണുരാജ്, രഞ്ജിത്ത്, സാജൻ എന്നിവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒളിവിൽ പോയ രവി കൃഷ്ണയെ ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ ഒളിവിൽ കഴിയവെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഡിവൈഎഫ്ഐ‐ സിഐടിയു പ്രവർത്തകർക്കു നേരേ ആക്രമണം നടന്ന് നിമിഷങ്ങൾക്കകം പ്രതികളെ കുറിച്ച് വ്യക്തമായ വിവരം നൽകിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിക്കാതെ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന നിലപാടാണ്  സ്വീകരിച്ചതെന്ന് ആക്ഷേപം ഉയർന്നു. ആക്രമണകാരികളായ ആർഎസ്എസ് ബിജെപി ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രധാന വാർത്തകൾ
Top