11 December Tuesday
അന്വേഷണസംഘം വിപുലീകരിച്ചു

എടിഎം കവർച്ച: പെട്രോൾ പമ്പുകളും നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018
കോട്ടയം
കോട്ടയം ജില്ലയിലെ എടിഎം കവർച്ച ശ്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള  പരിശോധന തുടരുന്നു. കവർച്ചാ ശ്രമത്തിനിടയിൽ മോഷ‌്ടിച്ച വാഹനവുമായി കവർച്ചാസംഘം പെട്രോൾ പമ്പിൽ കയറിയിരിക്കാമെന്ന നിഗമനത്തിൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട‌്.  
കോട്ടയത്തു നിന്നും മോഷ്ടിച്ച പിക്ക‌് അപ‌് വാഹനത്തിൽ പോയ കവർച്ചാസംഘം ചാലക്കുടിയിൽ വാഹനം ഉപേക്ഷിക്കുകയായിരുന്നു. ഇവർ ഏതെങ്കിലും പെട്രോൾ പമ്പിൽ കയറി  ഡീസൽ നിറച്ചിരിക്കാമെന്ന സംശയത്തിലാണ‌്  പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച‌്  പൊലീസ‌്  പരിശോധന നടത്തുന്നത‌്.  
കോട്ടയം മുതൽ ചാലക്കുടി വരെ രാത്രിയിൽ തുറന്നിരിക്കുന്ന 22 പെട്രോൾ പമ്പുകളിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ‌് പരിശോധിച്ചു.  വാഹനത്തിൽ ഏഴ‌് ലിറ്ററോളം ഡീസലുണ്ടായിരുന്നുവെന്നാണ‌്  ഉടമ പറഞ്ഞത‌്. ചാലക്കുടി വരെയെത്താൻ ഇത‌് മതിയാകും. എങ്കിലും കവർച്ചാസംഘം ഒരുപക്ഷെ പെട്രോൾ പമ്പിൽ കയറിയിരിക്കാനുള്ള സാധ്യത  പരിഗണിച്ചാണ‌് പരിശോധന.  
അന്വേഷണം  വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  ചങ്ങനാശേരി ഡിവൈഎസ‌്പി എസ‌് സുരേഷ‌്കുമാറിന്റെ നേതൃത്വത്തിൽ 15 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.   വാകത്താനം സിഐ പി വി മനോജ‌്കുമാർ, ചങ്ങനാശേരി എസ്ഐ എം ജെ അഭിലാഷ്, വാകത്താനം എസ്ഐ അനൂപ് സി നായർ, ചിങ്ങവനം എസ്ഐ. അഭിലാഷ് കുമാർ, കുറവിലങ്ങാട് എസ്ഐ ടി ആർ ദീപു, ചങ്ങനാശേരി എഎസ്ഐ മുരുകൻ, ആന്റി ഗുണ്ടാ സ്ക്വാഡ് എഎസ്ഐ  കെ കെ റെജി, പ്രദീപ് ലാൽ, കോട്ടയം എഎസ്ഐ അജിത്, സീനിയർ പൊലീസ് ഓഫീസർമാരായ അൻസാരി, ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെ സീനിയർ പൊലീസ് ഓഫീസർമാരായ രജനീഷ്, മണികണ്ഠൻ, കോട്ടയം സൈബർ സെല്ലിലെ പി കെ രാജേഷ് കുമാർ, ചങ്ങനാശേരിയിലെ സിപിഒമാരായ അരുൺ, ബൈജു എന്നിവരാണ് സംഘത്തിലുള്ളത‌്.       
 
പ്രധാന വാർത്തകൾ
Top