20 September Thursday

മഴ: കൃഷിയും വീടുകളും നശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
വൈക്കം > ശക്തമായ കാറ്റിലും മഴയിലും വൈക്കത്തെ വിവിധ ഭാഗങ്ങളിലായി വീടുകൾ തകരുകയും കനത്ത കൃഷിനാശം സംഭവിക്കുകയും ചെയ്തു. ഒരു വീട് പൂർണമായി തകരുകയും 13 വീടുകൾക്ക് ഭാഗീകമായി നാശം സംഭവിച്ചു. കല്ലറ പറവൻതുരുത്തിൽ സരിതാലയത്തിൽ സദാനന്ദന്റെ വീടാണ് മരംവീണ് പുർണമായി തകർന്നത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  കല്ലറ പെരുംതുരുത്തിൽ തുണ്ടത്തിൽ ചെല്ലമ്മ , ഉദയംതറ പ്രദീപ് കുമാർ, വൈക്കം നടുവിലെ വില്ലേജിൽ മുട്ടത്തുവേലിൽ ചെല്ലപ്പൻ, മാണിക്യത്ത് പരമേശ്വരൻ, ചെമ്പകതുരുത്ത് ലീല, വൈക്കം ശിവകൃപയിൽ രമേശൻ, കിഴക്കേപെരുമ്പള്ളിത്തറ പ്രസന്നകുമാരി, ചാലപ്പറമ്പ് കോലോത്തുപറമ്പിൽ ചന്ദ്രൻ, ഇന്ദിരാലയത്തിൽ വിജയകുമാർ, നെടുവേലിൽ വിജയൻ, രമാനിവാസിൽ രാമചന്ദ്രൻ, ചെല്ലാനിയിൽ രാജപ്പൻ, തലയാഴം കോണിത്തറ സേവ്യർ, നഗരസഭ ഏഴാം വാർഡിൽ മുട്ടത്തുവേലിച്ചിറ സരോജിനി തുടങ്ങിയവവരുടെ വീടുകൾക്കാണ്  മരംവീണ് ഭാഗീകമായി നാശം സംഭവിച്ചത്. സരോജിനിയുടെ തൊഴുത്ത് പൂർണമായി നശിച്ചു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റിൽ വല്ലകം, ചാലപ്പറമ്പ്, പുളിഞ്ചുവട്, വൈപ്പിൻ പടി, ഉദയനാപുരം, വാഴമന, തോട്ടുവക്കം, മുറിഞ്ഞപുഴ, കാട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ മരം വീണുവാഴ, ജാതി, ഫലവൃക്ഷങ്ങൾ തുടങ്ങിയവ ഒടിഞ്ഞും കനത്ത നാശമാണുണ്ടായത്. ചാലപ്പറമ്പ് ഭാഗത്ത് മനയ്ക്കപറമ്പ് ബൈജുവിന്റെ വൻതോതിൽ കായ്ഫലം ലഭിച്ചിരുന്ന ഇരുപതോളം ജാതിമരങ്ങളും നിരവധി തേക്കുകളും ഒടിഞ്ഞ‌് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. പാഴുകുന്നേൽ പ്രദീപ് കുമാർ, മനയ്ക്കപറമ്പിൽ അശോകൻ തുടങ്ങിയവരുടെ വാഴ, ജാതി, ഫലവൃക്ഷങ്ങൾ തുടങ്ങിയവയും കാറ്റിൽ നശിച്ചു. ഓരു കയറി ജാതി മരങ്ങളും വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ച് കർഷകർ വലിയ മനോവ്യഥയിൽ നിൽക്കുമ്പോഴാണ് പ്രകൃതിക്ഷോഭം മൂലം വൻ കൃഷിനാശമുണ്ടായത്.
കടുത്തുരുത്തി > കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ വീണ് വൈദ്യൂതി പോസ്റ്റുകൾ തകർന്നതോടെ പല സ്ഥലങ്ങളിലും വൈദ്യൂതിവിതരണം നിലച്ചു. റബർ, തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങി വന്മരങ്ങൾ കടപുഴകി വീണതോടെ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോതനല്ലൂർ ചാമക്കാല‐ സൂസന്ന പാലത്തിന് സമീപം മരംവീണ് വാഹനഗതാഗതം തടസപെട്ടു.  നീണ്ടൂർ മരങ്ങാട്ടി കവലയിൽ മരംവീണ് വാഹനഗതാഗതം തടസപെട്ടു. ഫയർഫോഴ്സെത്തിയാണ് മരങ്ങൾ വെട്ടിനീക്കിയത്. അയ്യൻകോവിൽ ഭാഗത്തും മരംവീണു. ഈ ഭാഗങ്ങളിലെല്ലാം വൈദ്യൂതി പോസ്റ്റുകളും ലൈനുകളും വ്യാപകമായി നശിച്ചിട്ടുണ്ട്. ആപ്പാഞ്ചിറ‐ മാന്നാർ‐ ആയാംകുടി റോഡിൽ മുക്കം ഭാഗത്ത് റോഡരികിൽ നിന്ന പാഴ്മരം കടപുഴകി വീണ‌് വൈദ്യൂതി പോസ്റ്റുകളും ലൈനുകളും വ്യാപകമായി നശിച്ചു. ഫയർഫോഴ്സെത്തി മരം വെട്ടി നീക്കിയ ശേഷമാണ്  വാഹനഗതാഗതം പുന:സ്ഥാപിച്ചത്.  കല്ലറ പഞ്ചായത്ത് മേഖലയിലും വ്യാപക നാശമാണ് ഉണ്ടായത‌്. പറവന്തുരുത്ത് മേഖലയിൽ മരങ്ങൾ കടപുഴകി വീടുകൾക്കും നാശനഷ്ടമുണ്ടായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top